വ്യക്തി വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ വാട്‌സ് ആപ്പിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ

വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന വിഷയത്തിൽ വാട്‌സ് ആപ്പിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. ഇസ്രയേൽ ചാരസോഫ്റ്റ്‌വെയർ പെഗാസസ് രാജ്യത്തെ പ്രമുഖരുടെ വാട്ട്‌സ്ആപ്പ് വിവരങ്ങൾ ചോർത്തിയതു സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നു കോൺഗ്രസ്. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പെഗാസസ് പോലുള്ള ചാരസോഫ്‌റ്റ് വെയർ വാട്‌സാപ്പ് വിവരങ്ങൾ ചോർത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അത് മൗലികാവകാശ ലംഘനമാണെന്നും ദിഗ് വിജയ് സിംങ് പറഞ്ഞു.

അതേസമയം, രാജ്യത്തെയും പൗരന്മാരെയും സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

വിവരങ്ങൾ ചോർത്തുന്നെന്ന സന്ദേശം ലഭിച്ചപ്പോൾ തന്നെ വാട്ട്‌സ്ആപ്പ് അധികൃതരോടു വിശദീകരണം തേടിയിട്ടുണ്ടെന്നും. മെസേജിങ് ആപ്പുകൾക്കു സുരക്ഷ ഉറപ്പാക്കുമെന്നും സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്ന തണുപ്പൻ മറുപടിയാണ് കേന്ദ്ര നിയമമന്ത്രി നൽകിയത്.

എന്നാൽ, ഏതെങ്കിലും സർക്കാർ ഏജൻസികൾ പെഗാസസ് ഉപയോഗിച്ചോ എന്ന ചോദ്യത്തിനു മറുപടി നൽകാൻ രവിശങ്കർ പ്രസാദ് തയാറായില്ല. വ്യക്തികളുടെ വിവരങ്ങൾ ചോർത്താൻ സർക്കാരും കൂട്ടുനിൽക്കുകയാണെന്ന് പറഞ്ഞ കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Comments (0)
Add Comment