പരസ്യങ്ങൾക്കായി കോടികൾ മുടക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും പരസ്യങ്ങൾ കൈവിടാതെ മോദി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി സർക്കാർ പ്രസിദ്ധീകരിച്ച പരസ്യങ്ങൾക്കായി ചിലവിട്ടത് 100 കോടിയോളം രൂപയെന്നാണ് പുതിയ വിവരം. അടുത്തു വരുന്ന സർക്കാരിനാകും ഈ തുക ബാധ്യതയാവുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പബ്ലിസിറ്റി സ്റ്റണ്ട് സോഷ്യൽ മീഡിയയിലുൾപ്പെടെ പരിഹാസ്യമാകുമ്പോഴും അതൊന്നും വിലവെക്കാതെ വീണ്ടും വീണ്ടും പരസ്യങ്ങൾക്കായി സർക്കാർ ഖജനാവ് ധൂർത്തടിക്കുകയാണ് പ്രധാനമന്ത്രിയും സർക്കാരും. ഇതിന്റെ ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും സർക്കാർ ഖജനാവ് ധൂർത്തടിച്ച് കോടികളാണ് പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഉള്ള വികസന പരിപാടികള് എന്ന പേരിലുള്ള പരസ്യങ്ങൾ ആണ് ഏറെയും. പെരുമാറ്റച്ചട്ടം വരുന്നതിനു മുന്പ് മാത്രമേ നരേന്ദ്ര മോദിയെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കാനാകൂ . ‘ദ പ്രിന്റ്’ ഓൺലൈൻ വാർത്താ പോർട്ടൽ വ്യക്തമാകുന്നത് പത്രങ്ങളിലെ പരസ്യങ്ങൾക്കുവേണ്ടി മാത്രം 100 കോടി രൂപയെങ്കിലും ചെലവിട്ടിരിക്കാം എന്നാണ്. എന്നാൽ പൊതുജനത്തിന് വ്യക്തമായ കണക്ക് ലഭ്യമല്ല.
പുൽവാമ ഭീകരാക്രമണ സമയത്തും മോദി പരസ്യചിത്രീകരണത്തിലായിരുന്നത് വലിയ വിമർശനങ്ങൾക്കും എതിർപ്പിനും വഴിവെച്ചിരുന്നു. രാജ്യതാൽപര്യങ്ങൾക്കല്ല മോദി പ്രാധാന്യം കൽപിക്കുന്നതെന്നും സ്വന്തം പബ്ലിസിറ്റിയിൽ കവിഞ്ഞൊന്നും മോദിക്കില്ലെന്നുമുള്ള രൂക്ഷ വിമർശനങ്ങളാണ് ഓരോ കോണിൽ നിന്നും ഉയർന്നത്. അധികാരത്തിലെത്തിയ ശേഷം വിദേശ യാത്രകൾക്കും പരസ്യങ്ങൾക്കുമായാണ് മോദി ഏറ്റവും അധികം തുക ചെലവഴിച്ചത്. പ്രതിപക്ഷവും സമൂഹമാധ്യമങ്ങളുമെല്ലാം കടുത്ത വിമർശനങ്ങളുമായി ഇതിനെതിരെ രംഗത്തു വരുമ്പോഴും അതൊന്നും വകവെക്കാതെയാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. വരും ദിനങ്ങളിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രചാരണായുധമാകും മോദിയുടെ ഖജനാവ് ധൂർത്തടിച്ചുകൊണ്ടുള്ള പരസ്യഭ്രമം.