‘ജനം വാക്സിനായി നെട്ടോട്ടമോടുമ്പോൾ മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിന് വേണ്ടിയുള്ള യുദ്ധത്തില്‍’; പരിഹസിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Sunday, June 6, 2021

 

ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ബ്ലൂ ടിക്കിനായി ട്വിറ്ററുമായി പോരാട്ടം നടത്തുകയാണെന്ന് പരിഹസിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ ഭാഗമായി ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് നീക്കംചെയ്യപ്പെട്ടിരുന്നു. ഇത് പുനഃസ്ഥാപിക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

‘രാജ്യം കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വാക്‌സിനായി നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ ട്വിറ്ററിലെ ബ്ലൂ ടിക്കിനുവേണ്ടി യുദ്ധം ചെയ്യുകയാണ്. വാക്‌സിന്‍ ലഭിക്കണമെങ്കില്‍ ഓരോരുത്തരും സ്വയംപര്യാപ്തര്‍ (ആത്മനിര്‍ഭര്‍) ആകേണ്ട ആവസ്ഥയാണുള്ളത്’ –  രാഹുല്‍ ഗാന്ധി  ട്വിറ്ററില്‍ കുറിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെയും മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ്. നേതാക്കളുടെയും വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയിരുന്നു. ആറുമാസമായി നിഷ്‌ക്രിയമായിരിക്കുന്ന അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നും അതാണ് കമ്പനിയുടെ നയമെന്നും ട്വിറ്റര്‍ വിശദീകരിച്ചു.