
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാകുമ്പോള്‍ ചില ഒറ്റപ്പെട്ട തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഈ ചെറിയ വിഷയങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ വിജയത്തിനായി നിലകൊണ്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വസന്ത് തെങ്ങുംപള്ളിയുടെ നിലപാട് സംഘടനാബോധത്തിന്റെ ഉത്തമ മാതൃകയാവുകയാണ്.
‘പരിഭവങ്ങള്‍ ഉണ്ട്, പക്ഷേ പാര്‍ട്ടിയെ പോറല്‍ ഏല്‍പിക്കാന്‍ തല്‍ക്കാലം ഇല്ല’ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം, എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുന്നു. സീറ്റ് ലഭിക്കാതെ ചില യുവ നേതാക്കള്‍ റിബല്‍ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ വസന്ത് തെങ്ങുംപള്ളിയുടെ ഈ വിട്ടുവീഴ്ചയില്ലാത്ത കൂറ് ശ്രദ്ധേയമാകുന്നത്.
വ്യക്തിപരമായ പരിഗണനകള്‍ക്ക് മുകളില്‍ പാര്‍ട്ടിയുടെ പൊതു ലക്ഷ്യം വെച്ചുകൊണ്ടാണ് വസന്ത് നിലപാടെടുത്തത്. സ്വന്തം പഞ്ചായത്തിലെ എല്ലാ സീറ്റുകളിലും താന്‍ തന്നെയാണ് മത്സരിക്കുന്നത് എന്ന് കരുതി ജനവിരുദ്ധ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ യു.ഡി.എഫിന് വോട്ട് ചെയ്യണം എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്.
നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് പാര്‍ട്ടി വസന്തിനെ പരിഗണിച്ചിരുന്നുവെങ്കിലും, പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിച്ച് അദ്ദേഹം മുന്നോട്ട് വെച്ച ഈ ഉയര്‍ന്ന നിലപാട്, മറ്റ് യുവ നേതാക്കള്‍ക്ക് മാതൃകയാവുകയാണ്. യു.ഡി.എഫ്. വിജയത്തിനായി ഒരുമിച്ചു മുന്നോട്ട് പോകാനുള്ള ശക്തമായ സന്ദേശമാണ് വസന്ത് നല്‍കുന്നത്.