കോടികള്‍ ചെലവിട്ട് നിര്‍മിച്ച പട്ടേല്‍ പ്രതിമ സംബന്ധിച്ച വിവാദങ്ങളുടെ അലയൊലികള്‍ അവസാനിക്കുംമുന്നേ ശിവാജി പ്രതിമയ്ക്കായി റെക്കോര്‍ഡ് തുക ചെലവഴിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഏകദേശം 3,650 കോടിയോളം രൂപയാണ് അറബിക്കടലില്‍ നിര്‍മിക്കുന്ന ശിവാജി പ്രതിമയ്ക്കായി ചെലവിടാന്‍ വകയിരുത്തിയിരിക്കുന്നത്.
പ്രതിമ നിര്‍മാണത്തിന് മുന്നോടിയായുള്ള കടല്‍ഭിത്തി നിര്‍മാണം 2019 അവസാനത്തോടെ ആരംഭിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ശിവാജി പ്രതിമയുടെ നിര്‍മാണത്തിന് മാത്രം 2,581 കോടി രൂപയാണ് ചെലവ്. ഇതിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 236 കോടി രൂപയും, 45 കോടി രൂപ വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിന് വേണ്ടിയുമാണ് ചെലവഴിക്കുന്നത്.
ഗുജറാത്തില്‍ പട്ടേല്‍ പ്രതിമ നിര്‍മിച്ചത് 3,000 കോടി രൂപ ചെലവഴിച്ചാണ്. പട്ടേല്‍ പ്രതിമയുടെ ഉയരം 182 മീറ്ററാണ്. ഇതിനെയും മറികടക്കുന്ന ഉയരത്തിലാണ് ശിവാജി പ്രതിമ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. 212 മീറ്റര്‍ ഉയരത്തിലാകും ശിവാജി പ്രതിമ പണിതുയര്‍ത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാകും ഇത്.
ആഴക്കടലിൽ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ച് നാലു വശവും ശിവാജിയുടെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മതിൽ തീർത്ത് അതിനുള്ളിലാണ് പ്രതിമ സ്ഥാപിക്കുന്നത്. സന്ദർശക ജെട്ടി, വിശ്രമകേന്ദ്രം, മ്യൂസിയം, ആർട്ട് ഗാലറി, ഭക്ഷണശാല തുടങ്ങിയവയും ഇവിടെയുണ്ടാകും.
രാജ്യത്ത് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ചെറുവിരല്‍ പോലും അനക്കാന്‍ തയാറാകാത്ത മോദി ഭരണകൂടത്തിന് പക്ഷേ, പ്രതിമകള്‍ക്ക് വേണ്ടി കോടികള്‍ ചെലവിടാന്‍ യാതൊരു തടസങ്ങളുമില്ല. രാജ്യത്ത് ഏറ്റവുമധികം കര്‍ഷകപ്രക്ഷോഭങ്ങള്‍ നടക്കുന്ന മഹാരാഷ്ട്രയിലും കോടികള്‍ ധൂര്‍ത്തടിച്ച് പ്രതിമ പണിതുയര്‍ത്തുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളോടുപോലും യാതൊരുവിധ അനുഭാവവും കാണിക്കാതെ മുഖംതിരിക്കുന്ന ബി.ജെ.പിയുടെ ഭരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.