ആള്‍ക്കൂട്ട മര്‍ദ്ദനം; തൃശ്ശൂരില്‍ യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍.
വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ് മര്‍ദനമേറ്റത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു ആക്രമണം.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കിള്ളിമംഗലത്തെ ഒരു വീട്ടിലെ അടക്ക മോഷണവുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദനം . കിള്ളിമംഗലം പ്ലാക്കല്‍പീടികയില്‍ അബ്ബാസിന്‍റെ വീട്ടില്‍ നിന്ന് തുടര്‍ച്ചയായി അടക്ക മോഷണം പോയിരുന്നു. ഇതേ തുടർന്ന് ഏതാനും നാളുകളായി സിസിടിവി സ്ഥാപിച്ചു. നിരീക്ഷണവും ശക്തമാക്കി.
ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. പത്തോളം പേര്‍ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. കൂട്ട മർദ്ദനത്തിൽ സന്തോഷിന് മുഖത്തും തലയ്ക്കും ഗുരുതരമായി ക്ഷതമേറ്റു. മർദ്ദനത്തിന്‍റെ ചിത്രങ്ങൾ പോലീസിന് ലഭിച്ചു.
ഗുരുതരമായി പരിക്കേറ്റ സന്തോഷ് ഇപ്പോൾ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Comments (0)
Add Comment