ഡോ.മന്‍മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചു

Jaihind News Bureau
Sunday, May 10, 2020

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി 8.45 ഓടെയാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തിച്ചത്.

ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ചികിത്സയ്ക്കായി എയിംസില്‍ പ്രത്യേകം മുറിയുണ്ട്. ഈ മുറിയിലാണ് മന്‍മോഹന്‍ സിംഗിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് ചികില്‍സ.

ഭാര്യ ഗുര്‍ഷരന്‍ കൗര്‍, മകള്‍ ഉപേന്ദര്‍ സിംഗ് എന്നിവര്‍ ആശുപത്രില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ ഭാര്യ ഗുര്‍ഷരന്‍ കൗറുമായും എയിംസ് അധികൃതരുമായും ടെലിഫോണില്‍ സംസാരിച്ചു.

2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിംഗിനെയാണ് കോവിഡുമായി ബന്ധപ്പെട്ട് അടുത്തിടെ രൂപീകരിച്ച ഉപദേശക സമിതിയുടെ ചെയര്‍മാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി നിയോഗിച്ചത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സമിതി നിരവധി ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ ഇതിനകം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.