കാലവർഷക്കെടുതി; ദുരിത ബാധിതർക്ക് അടിയന്തര സഹായം നൽകണം: സജീവ് ജോസഫ് എംഎൽഎ

 

കണ്ണൂർ: കാലവർഷക്കെടുതിയില്‍ ഇരയായവർക്ക് അടിയന്തര സഹായം നൽകണമെന്ന് സജീവ് ജോസഫ് എംഎൽഎ. കൃഷി നാശം ഉണ്ടായവർക്കും വീടിന് നാശനഷ്ടം ഉണ്ടായവർക്കും അടിയന്തര ധനസഹായം സംസ്ഥാന സർക്കാർ അനുവദിക്കണമെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം ഉണ്ടായ പ്രദേശങ്ങൾ എംഎൽഎ സന്ദർശിച്ചു.

കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് മലയോര മേഖലയിലും തീര മേഖലയിലും ഇട നാട്ടിലുമെല്ലാം നാശനഷ്ടമുണ്ടാക്കി. ശക്തമായ കാറ്റിൽ മരം വീണും മറ്റും 317 വീടുകൾക്ക് നാശനഷ്ടമുണ്ടായി. അനേകം മരങ്ങൾ കടപുഴകി. കാറ്റിൽ വ്യാപക കൃഷിനാശം ഉണ്ടായി. ഇരിട്ടി മേഖലയിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. ചരളിൽ 1200 ഓളം വാഴകൾ നിലംപൊത്തി. തില്ലങ്കേരി, ചപ്പാരപ്പടവ്, മലപ്പട്ടം, അയ്യൻ കുന്ന്, കേളകം, കൊട്ടിയൂർ, കണിച്ചാർ, പെരിങ്ങോം, മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി.

ഉളിക്കലിൽ, നുച്ചാട്, വയത്തൂർ വില്ലേജുകളിൽ 28 വീടുകൾ തകർന്നു. തേർമല പരിക്കളം മേഖലയിൽ ഏക്കർ കണക്കിന് കൃഷിയിടം നശിച്ചു. കൃഷിനാശവും, വീടുകൾക്ക് നാശ നഷ്ടവും ഉണ്ടായ പ്രദേശങ്ങളിൽ സജീവ് ജോസഫ് എംഎൽഎ സന്ദർശനം നടത്തി. കാലവർഷക്കെടുതി ഇരയായവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഇന്ന് മഴയ്ക്ക് അൽപം ശമനം ഉണ്ടായത് ആളുകൾക്ക് ആശ്വാസമായി.

Comments (0)
Add Comment