മുഖ്യമന്ത്രിയുടെ പ്രതിഛായ വർദ്ധിപ്പിക്കാന്‍ മുടക്കുന്നത് കോടികള്‍ ; പിണറായിക്ക് പ്രതിയുടെ ഛായയെന്ന് എംഎം ഹസന്‍

Jaihind Webdesk
Saturday, April 3, 2021

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രതിഛായ വർദ്ധിപ്പിക്കാന്‍ കോടികള്‍ മുടക്കി പിആർ വർക്ക് ചെയ്യുന്നു, എന്നാല്‍ മുഖ്യമന്ത്രിക്ക് പ്രതിയുടെ ഛായയെന്ന്  യുഡിഎഫ് കൺവീനർ എംഎം ഹസന്‍. വികസനത്തിന്‍റെ മറവില്‍ നടന്ന അഴിമതികളെ പറ്റി സംസാരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാണോ. എല്‍ഡിഎഫ് അഴിമതിയുടെ മുന്നണിയെന്നും ഹസന്‍ പറഞ്ഞു . ഈ തെരഞ്ഞെടുപ്പില്‍‌ ഏറ്റുമുട്ടുന്നത് അഴിമതി വിരുദ്ധ മുന്നണിയായ യുഡിഎഫും അഴിമതി മുന്നണിയായ എല്‍ഡിഎഫും തമ്മിലാണ്, വിശ്വാസികളുടെ മുന്നണിയും അവിശ്വാസികളുടെ മുന്നണിയും തമ്മിലാണ്, കൊലപാതകങ്ങളെ എതിർക്കുന്ന മുന്നണിയും കൊലപാതകികളെ സംരക്ഷിക്കുന്ന മുന്നണിയും തമ്മിലാണ്, അർഹരായവർക്ക് തൊഴില്‍ കൊടുക്കുന്ന മുന്നണിയും തൊഴില്‍ നിഷേധിക്കുന്ന  മുന്നണിയും തമ്മിലാണ്.

ഇടത് സർക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ ഒരു വന്‍കിട പദ്ധതിയുടെ പേര് പറയാന്‍ കഴിയുമോ. കൊച്ചിന്‍ മെട്രോ റെയില്‍, കണ്ണൂർ വിമാനത്താവളം അടക്കമുള്ള പദ്ധതികള്‍ തുടങ്ങിയതും  90 % പൂർത്തിയാക്കിയതും  യുഡിഎഫ് സർക്കാരാണ്. മുഖ്യമന്ത്രിക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും  അന്വേഷണം വരുമ്പോള്‍ പിണറായി വിജയന്‍ എനക്കറിയില്സ എന്ന് പറഞ്ഞൊഴിയുകയാണ്. അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി പ്രതിയാകും. അന്വേഷണത്തെ അട്ടിമറിക്കുന്ന മുഖ്യമന്ത്രി മുങ്ങിക്കൊണ്ടിരിക്കുന്ന അഴിമതി കപ്പലിലെ  കപ്പിത്താനാണ് . അന്വേഷിക്കാന്‍ വന്ന  ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്   ഒളിച്ചോടുകയാണ് മുഖ്യമന്ത്രി. സിപിഎം ബിജെപി രഹസ്യ ധാരണ കാരണമാണ് കേസന്വേഷണം ഇഴയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ടിന് സഹായിക്കുന്ന ഉദ്യോഗസ്ഥരെ ഉടനടി സസ്പെന്‍ഡ് ചെയ്യണമെന്നും പകരം ഉദ്യോഗസ്ഥരെ അപ്പോള്‍ തന്നെ നിയമിക്കാനുള്ള നടപടി ഉടന്‍ ഉണ്ടാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിയും കള്ള വോട്ടും ഇരട്ട കുട്ടികളാണ്. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക്, കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക്  ചെറുപ്പക്കാരെ  ദ്രോഹിച്ച മുഖ്യമന്ത്രിക്ക് തുടർഭരണം അവകാശപ്പെടാന്‍ അർഹതയില്ലായെന്ന് യുഡിഎഫ് കൺവീനർ ആരോപിച്ചു.