ചാരിതാർഥ്യത്തോടെ എം.എം ഹസൻ

കേരളത്തിലെ കോൺഗ്രസിനെ ഒന്നരവർഷത്തിലേറെ നയിച്ച എം.എം ഹസൻ പ്രവർത്തകർക്ക് ഊർജം പകരാനും പാർട്ടിയെ ശക്തിപ്പെടുത്താനും ക്രിയാത്മക ഇടപെടലുകളാണ് നടത്തിയത്. വി.എം സുധീരന് ശേഷം കോൺഗ്രസിനെ മുന്നോട്ട് നയിച്ച അദ്ദേഹം പാർട്ടിക്ക് കൂടുതൽ കരുത്തു പകരുകയായിരുന്നു.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്താനായിരുന്നു എന്നും എം.എം ഹസൻ മുൻതൂക്കം നൽകിയത്. ഇതിനായി ഇന്ദിരാ കുടുംബസംഗമങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കി. പാർട്ടിയെ സംസ്ഥാന തലത്തിൽ ചലിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച കുടുംബസംഗമങ്ങൾ പ്രവർത്തകരെ കൂടുതൽ കർമോത്സുകരാക്കി.

സംസ്ഥാനത്തെ ഇടതു സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നടത്തിയ ജനമോചനയാത്ര അണികൾക്കിടയിലും പ്രവർത്തകര്‍ക്കിടയിലും കൂടുതൽ ആവേശം പകർന്നു.

യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും യു.ഡി.എഫിൽ നിന്ന് പുറത്തുപോയ കേരളകോൺഗ്രസ് മാണി ഗ്രൂപ്പിനെ മുന്നണിയിൽ തിരിച്ചെത്തിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

പ്രളയാനന്തര കേരളത്തിന് ആശ്വാസം പകരാനും വീട് നഷ്ടപ്പെട്ട ആയിരം കുടുംബങ്ങൾക്ക് പുതിയ വീടുകള്‍ നിർമിച്ചു നൽകുവാനുള്ള കർമപദ്ധതിയും അദ്ദേഹത്തിന്‍റെ സംഭാവനയായിരുന്നു.

കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാർട്ടിയെ സമരമുഖത്ത് സജീവമായി നിലനിർത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.

തികഞ്ഞ ചാരിതാർഥ്യത്തോടെ പുതിയ നേതൃത്വത്തിന് ചുമതല കൈമാറുമ്പോൾ പാർട്ടിക്ക് മാർഗദർശിയായി എപ്പോഴും സജീവമായി പ്രവർത്തനരംഗത്തുണ്ടാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

https://youtu.be/Br4cGQ6TSFQ

M.M Hassankpcc president
Comments (0)
Add Comment