മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി ശ്രമം പാളി; ബിജെപിക്ക് തിരിച്ചടിയായി ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് | VIDEO

Jaihind News Bureau
Thursday, March 5, 2020

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ ശ്രമം പാളി. ബിജെപി ക്യാംപിലെത്തിച്ച എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും തിരികെഎത്തിയതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, എംഎല്‍എമാരെ തങ്ങള്‍ കടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് നിലവിലെ സംഭവങ്ങള്‍ക്ക് കാരണം എന്നുമാണ് ബിജെപി വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിജെപിക്ക് തിരിച്ചടിയായി ചില ഒളിക്യാമറാ ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.

വ്യാപം ചോദ്യപ്പേപ്പര്‍ അഴിമതി ആദ്യമായി പുറത്ത് കൊണ്ട് വന്ന ഡോക്ടര്‍ ആനന്ദ് റായ് പുറത്ത് വിട്ട വീഡിയോ ആണ് ബിജെപിക്ക് ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരെയും കോണ്‍ഗ്രസ് എംഎല്‍എമാരെയും കടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് നരോത്തം മിശ്ര ആണ് ഒളിക്യാമറയില്‍ കുടുങ്ങിയത്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 100 കോടി രൂപയും മന്ത്രിപദവിയുമടക്കം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് വീഡിയോ പുറത്ത് വിട്ടുകൊണ്ട് ആനന്ദ് റായ് ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കുതിരക്കച്ചവടം- ബിജെപിയെ തുറന്ന് കാട്ടുന്നു എന്ന തലക്കെട്ടോടെ ആനന്ദ് റായ് വീഡിയോ പുറത്ത് വിട്ടത്.

ദില്ലിയിലെ ചാണക്യപുരിയിലുളള മധ്യപ്രദേശ് ഭവനിലെ മുറിയില്‍ വെച്ചാണ് ബിജെപി നേതാവിനൊപ്പമുളള വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആനന്ദ് റായ് പറയുന്നു. കമല്‍നാഥ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ജനവിധി അട്ടിമറിക്കാനുളള നീക്കങ്ങളുമായി ബിജെപി ‘പണി’ തുടങ്ങിയിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വീഡിയോ പുറത്ത് വിടുന്നത് എന്നാണ് റായ് പറയുന്നത്.

അതേസമയം വീഡിയോ തളളി ബിജെപി രംഗത്ത് എത്തി. ആനന്ദ് റായ് പുറത്ത് വിട്ട വീഡിയോ വ്യാജമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബിജെപി വക്താവ് ആരോപിച്ചു.

എന്നാല്‍ മഹേഷ് പർമാർ തുടങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപി തങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നും ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞു. 35 കോടിയാണ് ശിവരാജ് ചൗഹാന്‍ മഹേഷ് പർമാറിന് വാഗ്ദാനം ചെയ്തത്.

ബിജെപി അവരുടെ റിസോർട്ട് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മധ്യപ്രദേശിലെ 8 എം‌എൽ‌എമാരെ ഗുരുഗ്രാമിലെ ആഡംബര ഹോട്ടലിൽ കണ്ടുവെന്നും ഈ എം‌എൽ‌എമാരെ ബിജെപി അവരുടെ സമ്മതമില്ലാതെ തന്നെ അവിടെ തടങ്കലിലെന്ന പോലെ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്നുമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തടവുകാരായ എം‌എൽ‌എമാരെ കാണാൻ മറ്റുള്ളവരെ അനുവദിച്ചില്ലെന്നും കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമമാണ് ഇതിന് പിന്നിലെന്നും ഇന്നലെ റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.