കോഴിക്കോട്: നേപ്പാള്‍ വഴി സൗദി അറേബ്യയിലേക്ക് പോകാന്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ കാഠ്മണ്ഡുവില്‍ കുടുങ്ങി കിടന്നവർക്ക് എൻ ഒ സി ലഭിച്ചു. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി മുരളീധരന്‍, നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി കിട്ടിയത്. നേപ്പാളിലെ ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ.സി നൽകാത്തതാണ് കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്. ഈ കാരണത്താൽ സൗദിയിലേക്ക് പോകേണ്ട നൂറുകണക്കിന് ആളുകളാണ് കുടുങ്ങിക്കിടന്നത്.
കണക്കുപ്രകാരം 2.5 മില്യൺ ഇന്ത്യന്‍ പ്രവാസികളാണ് സൗദിയില്‍ ജോലിയെടുക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും കേരളത്തില്‍ നിന്നും പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതതാണ് നേപ്പാള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വഴി യാത്ര ചെയ്യൻ പ്രവാസികൾ നിർബന്ധിതരാകുന്നത്. നേപ്പാള്‍ നിയമമനുസരിച്ച് ഇന്ത്യക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ എംബസി എന്‍.ഒ.സി നല്‍കണം. ഇതിനായി തിങ്കളാഴ്ച എംബസിയില്‍ എത്തിയ എഴൂനൂറ് പേരില്‍ 30 പേര്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. പുലര്‍ച്ചെ മുതല്‍ എംബസിയില്‍ കാത്ത് നിന്നവര്‍ രാത്രിയോടെ നിരാശരായി മടങ്ങുകയായിരുന്നു.
നേരത്തെ എംബസിയില്‍ എത്തുന്ന എല്ലാവര്‍ക്കും എന്‍.ഒ.സി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആദ്യം ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണം. ഇതാണ് പ്രതിസന്ധിക്ക് കാരണം. വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇളവ് അനുവദിച്ച് യാത്രക്കാര്‍ക്ക് സുഖപ്രദമായ് സൗദിയിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നും ഇന്ത്യ സൗദി എയർ ബബ്ൾ സംവിധാനം പ്രാബല്യത്തിൽ വരാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം കെ രാഘവന്‍ ആവശ്യപ്പെട്ടിരുന്നു.