പത്താമത് സൻസദ് രത്ന പുരസ്കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക്. കഴിഞ്ഞ 5 വര്‍ഷക്കാലം പാർലമെന്‍റ് ചർച്ചകളില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അവാർഡ്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്‍റെ നിർദേശപ്രകാരമാണ് സൻസദ് രത്ന പുരസ്കാരം ഏർപ്പെടുത്തിയത്.
ചെന്നൈ ആസ്ഥാനമായ പ്രൈം പോയിന്‍റ് ഫൗണ്ടേഷനും ഇ മാഗസിൻ പ്രീസെൻസും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം.
ഈ മാസം 19ന് വൈകിട്ട് 3ന് ചെന്നൈ രാജ്ഭവനിൽ ചേരുന്ന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ബെൻവാരിലാൽ പുരോഹിത് പുരസ്കാരം സമ്മാനിക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തി നല്‍കുന്ന പുരസ്കാരത്തിന് വിവിധ വിഭാഗങ്ങളിലായി 12 പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക എം.പി എൻ.കെ പ്രേമചന്ദ്രൻ ആണ്. പാർലമെന്‍റ് ചർച്ചകളിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ബെസ്റ്റ് ഡിബേറ്ററായാണ് എന്‍.കെ പ്രേമചന്ദ്രനെ തെരഞ്ഞെടുത്തിട്ടുള്ളത്.
2016-17 വർഷത്തെ മികച്ച പാർലമെന്‍റേറിയനുള്ള സൻസദ് രത്‌ന പുരസ്കാരവും എന്‍.കെ പ്രേമചന്ദ്രന് ലഭിച്ചിട്ടുണ്ട്. പതിനാറാം ലോക്‌സഭയുടെ കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി നല്‍കിയ ബെസ്റ്റ് പാർലമെന്‍റേറിയനുള്ള ലോക്മത് അവാർഡ്, ഫെയിം ഇന്ത്യ അവാർഡ്, കശ്‌മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ്, സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രസേവ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ എൻ.കെ പ്രേമചന്ദ്രന് ലഭിച്ചിട്ടുണ്ട്.