ലക്ഷദ്വീപ് : ഐഷ സുൽത്താനക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്ന് എം.കെ മുനീർ

Jaihind Webdesk
Friday, June 11, 2021

ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ എം.കെ മുനീർ. ഐഷക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സംഘപരിവാറുകൾക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും എം.കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

ചാനൽ ചർച്ചയിൽ “bio weapon” എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയും സിനിമാ സംവിധായകയുമായ ഐഷക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണ്.

ഇന്ത്യയിലുടനീളം സംഘപരിവാറുകൾക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്.ഈ രാജ്യത്തെ മതേതര സമൂഹം അവരുടെ കൂടെ തന്നെ ഉണ്ടാവും.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രൊഫുൽ ഖോടാ പട്ടേലിന്റെ തെറ്റായ നിയമ വാഴ്ച്ചക്കെതിരെ ധീരമായി പോരാടുന്ന ഐഷ സുൽത്താനക്ക് പിന്തുണ നൽകിയേ മതിയാവൂ… പിറന്ന നാടിനു വേണ്ടി ശബ്ദിക്കുന്നവർ രാജ്യദ്രോഹികളല്ല, രാജ്യസ്നേഹികളാണ്.