ദുരൂഹമായി നിലമേല്‍ സ്വദേശിയായ പന്ത്രണ്ടുകാരന്‍റെ മരണം; കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍; അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

Jaihind Webdesk
Saturday, May 14, 2022

 

കൊല്ലം: നിലമേൽ കൈതോട് സ്വദേശിയായ 12 വയസുകാരനെ നാഗർകോവിൽ തിട്ടവിളയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം.  പേഴുവിള വീട്ടിൽ മുഹമ്മദ് നജീബിന്‍റെ മകൻ ആദിൽ മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ദുരൂഹത നീക്കാനാകാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

മേയ് ആറാം തീയതി വൈകിട്ടാണ് ആദിലിനെ കാണാതായത്. പെരുന്നാൾ ആഘോഷിക്കാനായാണ് ആദിൽ മുഹമ്മദ് തിട്ടവിളയിലെ മാതാവിന്‍റെ കുടുംബവീട്ടിൽ എത്തിയത്. ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പമാണ് ആദില്‍ എത്തിയത്. അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാൻ പോയ ആദിലിനെ കാണാതാവുകയായിരുന്നു.  രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ വീടിന് സമീപത്തെ കുളത്തിൽ ആദിലിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംശയത്തെ തുടര്‍ന്ന് ആദിലിനൊപ്പമുണ്ടായിരുന്ന  കൂട്ടുകാരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ആദിലിന്‍റെ ചെരുപ്പുകള്‍ സമീപത്തെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നുമാണ് ലഭിച്ചത്. ശരീരത്തില്‍ ടീ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. കഴുത്തിൽ കയർ മുറുക്കിയതിന് സമാനമായ പാട്, നട്ടെല്ലിന്‍റെ ഭാഗത്ത് ക്ഷതമേറ്റ പാട് എന്നിവ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി ബന്ധുക്കൾ പറയുന്നു. സമീപത്തെ സിസി ടി.വി ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചു. മൃതദേഹം കണ്ടെത്തിയ കുളത്തിന് പരിസരത്തെ സിസി ടി.വി ദൃശ്യങ്ങളില്‍ രണ്ട് കുട്ടികള്‍ നടന്നുപോകുന്നതായി കാണാം. എന്നാല്‍ അല്‍പനേരത്തിന് ശേഷം മടങ്ങിവരുന്നത് ഒരു കുട്ടി മാത്രമാണ്.

മൊബൈല്‍ ഗെയിം ആണോ മരണത്തിലേക്ക് നയിച്ചതെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദിലും സമീപത്തുള്ള കുട്ടികളും മൊബൈല്‍ ഗെയിം കളിച്ചിരുന്നതായും മിക്കതിലും വിജയി ആദിലായിരുന്നു എന്നതും പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോ കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് എന്നതും അന്വേഷിക്കുന്നുണ്ട്. നാഗർകോവിൽ പൂതപെട്ടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ആദിലിന്‍റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കേരള സർക്കാർ തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്യണം എന്നതാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ എത്രയും വേഗം  ചുരുളഴിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.