അടൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകനും സുഹൃത്തുക്കളും പിടിയില്‍

Jaihind Webdesk
Sunday, July 16, 2023

 

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേർ പിടിയിൽ. സ്കൂൾ വിദ്യാർത്ഥിനിയായ 17 കാരിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ
അഞ്ചു പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജൂലൈ ആദ്യവാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

സംഭവത്തിൽ കേസെടുത്തതോടെ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ നാട്ടിൽനിന്ന് മുങ്ങിയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു വരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്കൂൾ വിദ്യാർത്ഥിനിയായ 17കാരിയുടെ മൊഴി. പിന്നീട് കാമുകൻ ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈമാറി. പെൺകുട്ടിയെ ഇവർക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. തുടർന്നാണ് കാമുകന്‍റെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.