‘മന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചു’ ; കടകംപള്ളിക്കെതിരെ പരാതിയുമായി പി.എസ്.സി ഉദ്യോഗാർത്ഥികള്‍

 

തിരുവനന്തപുരം : റാങ്ക് ഹോള്‍ഡേഴ്സിനെ അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ പെട്ട ഉദ്യോഗാർത്ഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു വിവാദ പരാമർശം. മന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചെന്ന് ലയ രാജേഷ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

സർക്കാരിന്‍റെ ഭാഗമായ മന്ത്രിമാരെ നേരിട്ട് കണ്ട് തങ്ങളുടെ പ്രശ്നങ്ങളറിയിക്കാനാണ് എൽജിഎസ് റാങ്ക് ലിസ്റ്റിൽ പെട്ട ഉദ്യോഗാർത്ഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ 10 വർഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങൾക്ക് നിയമനം കിട്ടുമോ എന്ന് മന്ത്രി ചോദിച്ചുവെന്നാണ് പി.എസ്‍.സി ഉദ്യോഗാർത്ഥികളുടെ പരാതി. സമരക്കാര്‍ സർക്കാരിനെ നാണം കൊടുത്തിയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചെങ്കിലും പ്രതീക്ഷ അസ്തമിച്ചിട്ടില്ലന്നും ഇന്ന് വൈകുന്നേരം വരെ തങ്ങൾക്ക് അനുകൂലമായ സർക്കാർ ഉത്തരവിന് വേണ്ടി കാത്തിരിക്കുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്ന് വൈകുന്നേരം മുതൽ നിരാഹാരസമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളിൽ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്. ഉദ്യോഗാർത്ഥികള്‍ക്ക് പിന്തുണയുമായി സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോൺഗ്രസ് എം.എല്‍.എമാരായ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും നിരാഹാര സമരം തുടരുകയാണ്.

Comments (0)
Add Comment