നിയമസഭാ കയ്യാങ്കളി : മന്ത്രിമാർ കോടതിയില്‍ ഹാജരായി ; ജാമ്യം നേടി

Jaihind News Bureau
Wednesday, October 28, 2020

 

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരുള്‍പ്പെടെയുളള പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യം നേടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  മന്ത്രിമാരുള്‍പ്പെടെ കേസിലെ ആറ് പ്രതികളും ഇന്നു നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സി.ജെ.എം കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് നവംബർ 12ന് വീണ്ടും പരിഗണിക്കും.

മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി നിരസിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷയും കോടതി നേരത്തെ തള്ളി. 2015ല്‍ ബജറ്റ് അവതരണത്തിനിടെയാണ് അക്രമം നടന്നത്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലിനും പുറമേ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.