മന്ത്രി കൃഷ്ണന്‍കുട്ടിയുടെ മേല്‍നോട്ടത്തില്‍ ആദിവാസികളെ പറ്റിച്ചു; അട്ടപ്പാടി സോളാര്‍പദ്ധതിയുടെ ടെന്‍ഡര്‍ അട്ടിമറിച്ച് കരാര്‍ നല്‍കിയത് പരിചയമില്ലാത്ത കമ്പനിക്ക്

Jaihind News Bureau
Friday, April 11, 2025


അട്ടപ്പാടി സോളാര്‍ പദ്ധതിയുടെ അഴിമതി അതിന്റെ പ്‌ളാനിംഗ് കാലത്തു തന്നെ തുടങ്ങിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഈ പദ്ധതികളുടെ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും അവരുടെ പേര്, തസ്തിക, സ്ഥിരം ജീവനക്കാരാണോ താല്‍ക്കാലിക ജീവനക്കാരാണോ തുടങ്ങിയവ സംബന്ധിച്ച നിയമസഭാ ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയ ഉത്തരത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ടെക്‌നിക്കല്‍ മാനേജര്‍, അഡീഷണല്‍ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ എന്നിവരുടെ വിവരം മാത്രമാണ് നല്‍കിയത്. എന്നാല്‍ ഈ പദ്ധതികളുടെ ടെണ്ടര്‍ ഡോക്യുമെന്റ് തയ്യാറാക്കിയതടക്കം താല്‍ക്കാലിക ജീവനക്കാരാണെന്നത് മന്ത്രി ബോധപൂര്‍വ്വം മറച്ചുവെച്ചു. അട്ടപ്പാടിയിലെ
താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ പ്രാക്തന ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ നടപ്പാക്കിയ പദ്ധതികളില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ അഴിമതി നടത്തിയതായി പാലക്കാട്ട് നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ ചൂണ്ടി കാട്ടിയത്.


താഴെ തുടുക്കി ഉന്നതിയില്‍ സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 2021 ഡിസംബര്‍ 21-ന് ക്ഷണിച്ച 1. 44കോടി രൂപയുടെ ടെണ്ടറില്‍ യോഗ്യതയുള്ള ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്.ഒരു കമ്പനിയില്‍ നിന്നു മാത്രം ടെണ്ടര്‍ ലഭിച്ചാല്‍ റീ ടെണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് തെലുങ്കാന ആസ്ഥാനമായ വിന്‍ഡ്‌സ്ട്രീം എനര്‍ജി ടെക്‌നോളജി എന്ന പ്രൈവറ്റ് കമ്പനിയ്ക്ക് ടെണ്ടറില്‍ രേഖപ്പെടുത്തിയ തുകയ്ക്കു തന്നെ കരാര്‍ ഉറപ്പിച്ചു നല്‍കിയത് . ഇത് അഴിമതിയാണ്. അനര്‍ട്ടിന്റെ ഹെഡ് ഓഫീസില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ഒരു കമ്പനി മാത്രം പങ്കെടുത്തുവെന്ന പേരില്‍ റീ ടെണ്ടര്‍ നടത്തിയിരുന്നു. കൂടാതെ വിന്‍ഡ് ജനറേറ്റര്‍ പദ്ധതി നടപ്പാക്കുമ്പോള്‍ നിശ്ചയമായും കാറ്റിന്റെ ലഭ്യത സംബന്ധിച്ച പഠനം നടത്തണം എന്നത് പാലിച്ചില്ല.

ഇവിടെ സ്ഥാപിച്ച വിന്‍ഡ് ജനറേറ്ററില്‍ നിന്നും വളരെ കുറഞ്ഞ അളവിലാണ് വൈദ്യുതി ലഭിക്കുന്നതെന്ന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള പരിശോധനയില്‍ വ്യക്തമായിരുന്നു. വിന്‍ഡ് ജനറേറ്ററിന്റെ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, സ്‌പെസിഫിക്കേഷന്‍ എന്നിവ സംബന്ധിച്ച് വര്‍ക്ക് ഓര്‍ഡറില്‍ ഒരു വിവരവും ഇല്ലാത്തത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.കൂടാതെ ടെണ്ടറില്‍ പറഞ്ഞതില്‍ നിന്നും 27.66 ലക്ഷം രൂപ കൂടുതല്‍ അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം തള്ളുന്നതിനു പകരം 2023 ജൂലായ് 19-ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനര്‍ട്ടിന്റെ ഗവേര്‍ണിംഗ് ബോഡി യോഗം തുക നല്‍കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. അനര്‍ട്ടിന്റെ ചെയര്‍മാനായ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയ്ക്കും അനര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരിയ്ക്കും ഈ അഴിമതിയിലെ പങ്കുണ്ടെന്നുള്ളത് വ്യക്തമാകുന്നു.


അതുപോലെ തന്നെ താല്‍പ്പര്യമുള്ള കമ്പനിയ്ക്ക് കരാര്‍ ലഭിക്കാന്‍ മേലെ തുടുക്കി പദ്ധതിയുടെ – മേലെ തുടുക്കി, ഗലസി, ഊരടം എന്നീ ഉന്നതികളില്‍- ടെണ്ടര്‍ രണ്ടു പ്രാവശ്യം റദ്ദാക്കി നിയമത്തെ കാറ്റില്‍ പറത്തി. മേല്‍ ഊരുകളില്‍ 60 കിലോവാട്ട് സോളാര്‍ ഹൈബ്രിഡ് പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്2023 ജനുവരി 31-ന് അനര്‍ട്ട് ടെണ്ടര്‍ ക്ഷണിച്ചു.ഈ ടെണ്ടര്‍ 2023 ഫെബ്രുവരി എട്ടിന് റദ്ദാക്കി. 2023 ഫെബ്രുവരി എട്ടിന് തന്നെ സ്‌പെസിഫിക്കേഷന്‍ മാറ്റി രണ്ടാമതും ടെണ്ടര്‍ ക്ഷണിച്ചു. പിന്നീട് ഇതും റദ്ദ് ചെയ്ത് സ്‌പെപെസിഫിക്കേഷന്‍ മാറ്റി 2023 ഏപ്രില്‍ 20-ന് മൂന്നാമതും ടെണ്ടര്‍ ക്ഷണിച്ചു.

ഇതു സംബന്ധിച്ചു 2024 ജനുവരി 31-ന് നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ മറുപടിയില്‍ ടെണ്ടര്‍ റദ്ദുചെയ്തതിന്റെ കാരണമോ ടെണ്ടറില്‍ കമ്പനികള്‍ സമ്മതിച്ച തുകയെ സംബന്ധിച്ചോ ഒന്നും പറയാതെ സഭയെ തെറ്റിദ്ധരിപ്പിച്ചു. തെലുങ്കാന ആസ്ഥാനമായ വിന്‍ഡ് സ്ട്രീംഎനര്‍ജി ടെക്‌നോളജിയ്ക്കു തന്നെ കരാര്‍ ലഭിക്കാന്‍ മന്ത്രിയും സംഘവും നടത്തിയ ഗൂഢാലോചനയും ക്രമക്കേടും പുറത്തു വരാതിരിക്കാനാണ് മന്ത്രി ശ്രമിച്ചത്. സോളാര്‍ പവര്‍ പ്ലാന്റിന് മാത്രമായി നടത്തിയ ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുകയായ 1,92,00,000 – രൂപ രേഖപ്പെടുത്തിയ കമ്പനിയ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കാതെ മന്ത്രിയ്ക്ക് താല്‍പ്പര്യമുള്ള വിന്‍ഡ് സ്ട്രീം എനര്‍ജി ടെക്‌നോളജി കമ്പനിയ്ക്ക് കരാര്‍ ഉറപ്പിച്ചു നല്‍കിയത് 3, 48, 23,836 രൂപയ്ക്കാണ്.ഈ നീക്കത്തില്‍ മാത്രം 1,56,23,836 രൂപയുടെ അഴിമതിയാണ് നടത്തിയത്.

2023 മേയ് 26-ന് വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ച വിന്‍ഡ് സ്ട്രീം എനര്‍ജി ടെക്‌നോനോളജി കമ്പനി പദ്ധതിയില്‍ സ്ഥാപിച്ച ഇന്‍വെര്‍ട്ടറിന് ടെണ്ടറില്‍ നിര്‍ദ്ദേശിച്ചിരുന്ന ബിഐഎസ് ( ബൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്) സര്‍ട്ടിഫിക്ക് ഉണ്ടായിരുന്നില്ല. ഈ കമ്പനി 2023 ജൂണ്‍ 16-ന് മാത്രമാണ് ബി ഐഎസിനുള്ള അപേക്ഷ നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു .ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത് ഗുരുതര ക്രമക്കേടാണ്. ഇതു പോലെ തന്നെ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിന്‍ഡ് ജനറേറ്ററാണ് വിന്‍ഡ് സ്ട്രീം എനര്‍ജി ടെക്‌നോളജി കമ്പനി സ്ഥാപിച്ചത്.

കൂടാതെ ഈ പദ്ധതികളുടെ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും അവരുടെ പേര്, തസ്തിക, സ്ഥിരം ജീവനക്കാരാണോ താല്‍ക്കാലിക ജീവനക്കാരാണോ തുടങ്ങിയവ സംബന്ധിച്ച നിയമസഭാ ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയ ഉത്തരത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ടെക്‌നിക്കല്‍ മാനേജര്‍, അഡീഷണല്‍ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ എന്നിവരുടെ വിവരം മാത്രമാണ് നല്‍കിയത്. എന്നാല്‍ ഈ പദ്ധതികളുടെ ടെണ്ടര്‍ ഡോക്യുമെന്റ് തയ്യാറാക്കിയതടക്കം താല്‍ക്കാലിക ജീവനക്കാരാണെന്നത് മന്ത്രി ബോധപൂര്‍വ്വം മറച്ചുവെച്ചു. അനര്‍ട്ടിലെ ഇ- ടെന്‍ഡറുമായി ബന്ധപ്പെട്ട ബിഡ് ഓപ്പണര്‍ എന്ന ചുമതല വഹിച്ച ഫിനാന്‍സ് സെക്ഷനിലെ ജൂനിയര്‍ മാനേജര്‍ ആരോഗ്യദാസിന്റെ ഡിജിറ്റല്‍ ഒപ്പ് താല്‍ക്കാലിക ജീവനക്കാര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ദുരുപയോഗം ചെയ്തു.തുടങ്ങിയ ആരോപണങ്ങളും സുമേഷ് അച്യുതന്‍ ഉന്നയിച്ചു.