‘മദ്യശാലകള്‍ തുറക്കണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ആവശ്യം ജനദ്രോഹപരം, ഇത് അംഗീകരിക്കരുത്’: മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

Jaihind News Bureau
Tuesday, April 14, 2020

V.M.-Sudheeran

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ആവശ്യം ജനദ്രോഹപരമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. തികച്ചും നിരുത്തരവാദിത്വപരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കണമെന്ന മന്ത്രിയുടെ നിലപാട് പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നതും ജനദ്രോഹപരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കടകംപള്ളി സുരേന്ദ്രന്‍റെ ആവശ്യം  അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

വി.എം സുധീരന്‍റെ കത്തിന്‍റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മഹാവിപത്തായ കോവിഡ്-19നെ പ്രതിരോധിക്കുന്നതിനായി മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണല്ലോ. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തികഞ്ഞ ജാഗ്രതപാലിക്കപ്പെടണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്.

ഇതൊന്നും അതിന്‍റേതായ ഗൗരവത്തില്‍ കണക്കിലെടുക്കാതെ ടൂറിസം മേഖലയില്‍ മദ്യശാലകള്‍ തുറക്കണമെന്ന ആവശ്യവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നോട്ടു വന്നിരിക്കുന്നത് ഏറെ വിചിത്രമായിരിക്കുന്നു. അദ്ദേഹത്തെപ്പോലെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരാളില്‍ നിന്നും ഇത്തരത്തിലൊരു പ്രസ്താവന ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
മദ്യശാലകള്‍ തുറക്കുന്നതും ടൂറിസവുമായി ബന്ധമില്ലെന്ന് ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍പ്പോലും വ്യക്തമാക്കിയ അതേ മന്ത്രിതന്നെയാണ് ഇപ്രകാരമൊരു പ്രസ്താവനയുമായി വന്നിട്ടുള്ളത്. ഇതിലെ വൈരുദ്ധ്യം അപഹാസ്യമാണ്.
ജനനന്മയ്ക്കു വിരുദ്ധമായി മദ്യശാലകള്‍ തുറക്കണമെന്ന ബഹു. മന്ത്രിയുടെ നിലപാട് സര്‍ക്കാര്‍ നടത്തിവരുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതും ജനദ്രോഹവുമാണ്. ലോകാരോഗ്യസംഘടന തന്നെ കൊറോണയെ പ്രതിരോധിക്കുന്നതിന് മുന്നോട്ടുവച്ചിട്ടുള്ള മര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അന്തസത്തക്കു വിരുദ്ധമാണ് മന്ത്രിയുടെ നിലപാട്. ഇതിന് യാതൊരു ന്യായീകരണവുമില്ല. അതുകൊണ്ട് തന്നെ ബഹു. മന്ത്രിയുടെ ഈ ആവശ്യം ഒരുകാരണവശാലും അംഗീകരിക്കരുത്. അതെല്ലാം പാടെ തള്ളിക്കളയണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സ്നേഹപൂര്‍വ്വം

വി.എം.സുധീരന്‍

ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി

പകര്‍പ്പ് :
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്‍, ബഹു.എക്സൈസ് വകുപ്പുമന്ത്രി
ശ്രീ. എ.കെ.ബാലന്‍, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. കടകംപള്ളി സുരേന്ദ്രന്‍, ബഹു. ടൂറിസംവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്