ഖുര്‍ആന്‍ ഇറക്കുമതി ചെയ്ത കേസ് : മന്ത്രി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

 

കൊച്ചി : മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥങ്ങള്‍ കടത്തിയ കേസിലാണ് ചോദ്യംചെയ്യല്‍. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് മന്ത്രിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഖുര്‍ആന്‍ ഇറക്കുമതിയില്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തതായാണ് ആരോപണം.

ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്‌സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇവ മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്‌സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തിരുന്നു. ഈന്തപ്പഴ ഇറക്കുമതിയിലും കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയും ജലീലിനെ ചോദ്യം ചെയ്തിരുന്നു. സെപ്തംബർ 17ന് എന്‍ഐഎയും ജലീലിനെ ആറു മണിക്കൂർ ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് മൂന്നാമത് ദേശീയ ഏജൻസിയും മന്ത്രിയെ ചോദ്യം ചെയ്യാൻ പോകുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ ഇഡി, എന്‍ഐഎ,കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതെന്നതും ശ്രദ്ദേയമാണ്.

Comments (0)
Add Comment