ദുബായ് : തൃശ്ശൂര്‍ പൂരത്തിന്‍റെ ആവേശവും ആരവവും കടല്‍ കടന്നെത്തി, ദുബായില്‍ മിനി തൃശൂര്‍ പൂരത്തിന് കൊടിയേറി. ദുബായ് ഖിസൈസ് എത്തിസലാത്ത് അക്കാദമിയിലാണ് ആഘോഷം. യുഎഇയിലെ തൃശൂര്‍ നിവാസികളുടെ കൂട്ടായ്മയായ, ‘മ്മടെ തൃശ്ശൂര്‍’ സംഘടനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്. ചലിക്കുന്ന ആനകളുടെ രൂപങ്ങളും വര്‍ണ്ണ കുടമാറ്റവും എഴുന്നള്ളത്തും വാദ്യമേളങ്ങളും വെടിക്കെട്ടും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തിന്റെ പൂരം അനുഭവം പ്രവാസികള്‍ക്ക് സമ്മാനിക്കുന്നു. തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്ര മാതൃകയും ഒരുക്കിയാണ് ഇത്തവണത്തെ പൂരാഘോഷം.
പെരുവനം കുട്ടന്‍ മാരാരും കേളത്ത് അരവിന്ദാക്ഷന്‍ മാരാരും പെരുവനം സതീശന്‍ മാരാരും അണിനിരക്കുന്ന ഇലഞ്ഞിത്തറമേളമാണ് പ്രധാന ആകര്‍ഷണം. തൃശ്ശൂര്‍ കോട്ടപ്പുറം ദേശം ഒരുക്കുന്ന പുലികളും ശിങ്കാരിമേളക്കാരും വര്‍ണക്കാവടിയും താലപ്പൊലിയും ഘോഷയാത്രയുമെല്ലാം ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. നാട്ടില്‍ നിന്ന് രൂപകല്പന ചെയ്ത് എത്തിച്ച, ചലിക്കുന്ന ഗജവീരന്മാര്‍ പ്രധാന കാഴ്ചയായി. ആനയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പൂരപ്രേമികളുടെ തിരക്കാണ്. തെച്ചിക്കോട്ട് രാമചന്ദ്രന്‍, പാമ്പാടി രാജന്‍, പാറമേക്കാവ് രാജേന്ദ്രന്‍, കുട്ടി ശിവശങ്കരന്‍ എന്നിവരുടെ രൂപത്തിലുള്ള യന്ത്ര ആനകള്‍ ആയിരങ്ങള്‍ക്ക് പൂരവിരുന്നൊയി. 75 ദിര്‍ഹമാണ് ഒരാള്‍ക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക്. നാലുപേര്‍ ഒരുമിച്ച് കയറാന്‍ 200 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാണ്. കൂടാതെ, പൂരപറമ്പില്‍ വെള്ളവും ജ്യൂസും ചായയും പലഹാരങ്ങളും നാടന്‍ ഭക്ഷണവും ലഭ്യമാണ്.
രാവിലെ പത്തിന് കാവടി പൂജയും പഞ്ചാരി മേളവുമായാണ്, ഉത്സവത്തിന് കൊടിയേറിയത്. മഠത്തില്‍ വരവും ഉച്ചയ്ക്ക് മൂന്നിനുള്ള ഇലഞ്ഞിത്തറ മേളവും നിരവധി പേരെ ആകര്‍ഷിപ്പിക്കും. വൈകിട്ട് അഞ്ചിനാണ് കുടമാറ്റം. യുഎഇ ദേശീയ പതാകയുടെ നാലു നിറങ്ങളിലുള്ള വര്‍ണ്ണ കുടകളും പ്രധാന ആകര്‍ഷണമായി മാറും. യുഎഇ എന്ന രാജ്യത്തോടുള്ള ആദരം അര്‍പ്പിച്ചാണ് ഈ പ്രത്യേക കുടമാറ്റം. തുടര്‍ന്ന് , 5.30 ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ഇതില്‍ താലപ്പൊലി, പുലിക്കളി, നാദസ്വരം, ശിങ്കാരിമേളം , കരകാട്ടം, തെയ്യം, നാടന്‍ കലാരൂപങ്ങള്‍, കളരിപ്പയറ്റ് എന്നിവ അണിനിരക്കും. രാത്രി ഒമ്പതിന് തൈക്കുടം ബ്രിഡ്ജിന്റെ സംഗീത വിരുന്നിന് ശേഷം, രാത്രി 12 ന് തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങും.