അസം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്

Jaihind Webdesk
Saturday, August 31, 2019

അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. 19 ലക്ഷം പേര്‍ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു. 3 കോടി 11 ലക്ഷം പേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ 4 മാസം സമയം അനുവദിച്ചിട്ടുണ്ട്. പട്ടിക പ്രസിദ്ധീകരിക്കുന്നതോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് അസമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൗരത്വ റജിസ്റ്ററില്‍ ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ പരിശോധിക്കാന്‍ കൂടുതല്‍ ഫോറിന്‍ ട്രൈബ്യൂണലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ നിന്ന് പുറത്താകുന്നവര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനായി 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിൽ 100 ട്രൈബ്ര്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ നാല് മാസമാണ് അനുവദിച്ചിട്ടുള്ളത്. ആറുമാസത്തിനകം അപ്പീലുകളില്‍ തീരുമാനമെടുക്കണം. അപ്പീല്‍ നല്‍കാന്‍ സൗജന്യ നിയമസഹായം സര്‍ക്കാര്‍ നല്‍കും.

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

2018 ജൂലൈ 30 ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായിരുന്നു. ഇപ്പോള്‍കനത്ത സുരക്ഷയിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 19 ലക്ഷം പേരാണ് ഇപ്പോള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കം എന്ന നിലയിൽ പല പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചിട്ടുണ്ട്.