ബെംഗളൂരു : കേരളതീരത്തേക്കു ഭീകരർ എത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലേക്കു പോകുന്നതിന് രണ്ടു ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിലെത്തിയതായാണ് കർണാടക പൊലീസിന് ലഭിച്ച വിവരം. ശ്രീലങ്ക വഴി കടൽമാര്‍ഗമാണ് ഇവർ ആലപ്പുഴയിലെത്തിയതായാണ് വിവരം. ഇതേത്തുടർന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മൽസ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കി.
റിപ്പോർട്ടുകൾക്കു പിന്നാലെ കർണാടകയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത. കർണാടകയുടെ തീര മേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിച്ചു വരികയാണെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. “ചിലതു തുറന്നു പറയാനാകില്ല. എന്നാൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെറുക്കുന്നതിൽ എൻഐഎയ്ക്കൊപ്പം കർണാടക പൊലീസും ജാഗരൂകരാണ്”. സംശയം തോന്നിയതിന്‍റെ പേരിൽ എൻഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.