എം.ജി കണ്ണന്‍ പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും ആത്മാര്‍ത്ഥത കാട്ടിയ സത്യസന്ധനായ പൊതുപ്രവര്‍ത്തകന്‍: വി ഡി സതീശന്‍

Jaihind News Bureau
Sunday, May 11, 2025

പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത കാട്ടിയ സത്യസന്ധനായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു എം.ജി കണ്ണനെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച എം.ജി കണ്ണന് ചുരുങ്ങിയ കാലംകൊണ്ട് പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായി മാറാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ പ്രായത്തില്‍ രണ്ടു തവണയണ് കണ്ണന്‍ ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും എം.ജി കണ്ണനായിരുന്നു. തുച്ഛമായ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.

കോണ്‍ഗ്രസ് കുടുംബത്തിലെ പുതുതലമുറയില്‍പ്പെട്ട ജനകീയ നേതാവിനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം പൊതുരംഗത്തും നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് അനുശോചിച്ചു.