
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം ലോക കായിക ചരിത്രത്തിലെ തന്നെ ഒരു അത്യപൂര്‍വമായ നിമിഷത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റിന്റെ ‘ദൈവവും’ ഫുട്ബോളിന്റെ ‘മിശിഹായും’ ഒരേ വേദി പങ്കിട്ടത് ആരാധകര്‍ക്ക് ഒരു വിസ്മയ കാഴ്ചയായി മാറി. ഗോട്ട് ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഇന്റര്‍ മിയാമി സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരോടൊപ്പമാണ് മെസ്സി മുംബൈയിലെത്തിയത്. ഒരു മണിക്കൂറോളം വാങ്കഡെയില്‍ ചെലവഴിച്ച മെസ്സി, യുവ ഫുട്ബോള്‍ താരങ്ങള്‍, ക്രിക്കറ്റ് ഐക്കണ്‍ സച്ചിന്‍, ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി, മറ്റ് താരങ്ങള്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി.
ഈ കൂടിക്കാഴ്ചയുടെ ചരിത്രപരമായ പ്രാധാന്യം ‘നമ്പര്‍ 10’ എന്ന ജേഴ്‌സി നമ്പറിലാണ് കേന്ദ്രീകരിക്കുന്നത്. കായിക ലോകത്ത് വികാരമായി മാറിയ ഈ രണ്ട് ഇതിഹാസങ്ങളും തങ്ങളുടെ കരിയറില്‍ സ്വന്തമാക്കിയത് 10-ാം നമ്പര്‍ ജേഴ്‌സിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മെസ്സിക്ക് സമ്മാനിച്ചത് അദ്ദേഹത്തിന്റെ എക്കാലത്തെയും ഭാഗ്യ നമ്പറായ പത്താം നമ്പര്‍ ജേഴ്‌സിയാണ്. ഇതിന് പകരമായി, അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം മെസ്സി ഒപ്പിട്ട ഒരു ഫുട്ബോള്‍ ‘ക്രിക്കറ്റ് ദൈവത്തിന്’ സ്‌നേഹ സമ്മാനമായി നല്‍കി. കായിക ലോകത്തെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ അവരുടെ ഏറ്റവും വലിയ ‘ഐഡന്റിറ്റി’ പരസ്പരം കൈമാറിയത് ഒരു തലമുറയ്ക്ക് പ്രചോദനമാകുന്ന കാഴ്ച്ചയായി.
2011-ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയതും ഇതേ വാങ്കഡെ സ്റ്റേഡിയത്തിലാണ്. ആ ചരിത്ര വിജയം ഓര്‍ത്തെടുത്തുകൊണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മെസ്സിയുടെ മുംബൈ സന്ദര്‍ശനത്തെ ‘സുവര്‍ണ്ണ നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. ‘മുംബൈ സ്വപ്നങ്ങളുടെ നഗരമാണ്. നിരവധി സ്വപ്നങ്ങള്‍ ഈ വേദിയില്‍ ഫിനിഷിംഗ് ലൈന്‍ കണ്ടിട്ടുണ്ട്,’ ഏകദിന ലോകകപ്പ് വിജയത്തെ പരാമര്‍ശിച്ചുകൊണ്ട് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മെസ്സി, മുംബൈയിലെ ഈ ചരിത്ര കൂടിക്കാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ച ഡല്‍ഹിയില്‍ ടൂര്‍ അവസാനിപ്പിക്കും. ഈ കൂടിക്കാഴ്ച, ക്രിക്കറ്റിനും ഫുട്ബോളിനുമിടയിലെ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട്, കായിക സ്‌നേഹത്തിന്റെ ഉദാത്തമായ മുഹൂര്‍ത്തമായി അടയാളപ്പെടുത്തപ്പെടുന്നു.