സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചില്ല ; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി

Jaihind Webdesk
Friday, July 30, 2021


കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചെന്ന പരാതിയിൽ സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെ ബ്രാഞ്ചിലേക്കു തരം താഴ്ത്തി. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഗിരീഷ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആക്ഷേപമുണ്ട്.

പുതുപ്പാടി പഞ്ചായത്ത് മുൻ പ്രസിഡന്റും കർഷക സംഘം ഏരിയ സെക്രട്ടറിമായിരുന്ന ഗിരീഷിനെയും ഇക്കുറി തിരുവമ്പാടിയിലെ സ്ഥാനാർഥിത്വത്തിനു പരിഗണിച്ചിരുന്നു. എന്നാൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫിനെയാണു സിപിഎം സ്ഥാനാർഥിയാക്കിയത്. ഇതോടെ ഗിരീഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നു മാറി നിന്നു.

സ്ഥാനാർഥി നിർണയത്തിനെതിരെ തിരുവമ്പാടിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടിയ ഭൂരിപക്ഷത്തിലായിരുന്നു ഇക്കുറി തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.