മൂല്യനിര്‍ണ്ണയത്തിനയച്ച MBA ഉത്തരക്കടലാസുകള്‍ നഷ്ടമായി; അദ്ധ്യാപകന് ഗുരുതര വീഴ്ച

Jaihind News Bureau
Saturday, March 29, 2025

കേരള സര്‍വകലാശാലയില്‍ ഗുരുതര പരീക്ഷ വിഴ്ച. എംബിഎ വിദ്യാര്‍ത്ഥികളുട ഉത്തരക്കടലാസുകള്‍ നഷ്ടമായി. മൂല്യനിര്‍ണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്നാണ് നഷ്ടപ്പെട്ടത്. 2022-2024 ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല.ഈ വിദ്യാര്‍ത്ഥികള്‍ പുനപരീക്ഷ എഴുതണമെന്നാണ് സര്‍വകലാശാല ഇപ്പോള്‍ നിര്‍ദേശം നല്‍കുന്നത്. ഫലം പ്രഖ്യാപിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാകുകയാണ്.

കേരള സര്‍വകലാശാലയി ലെ ഗുരുതര പരിക്ഷ പിഴവില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കെ.എസ് യു ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി. എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ കയ്യില്‍ നിന്ന് നഷ്ടമായത് അത്യന്തം ഗൗരവതരമായ വീഴ്ച്ചയാണെന്നും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള ഈ പിഴവില്‍ സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

മൂല്യനിര്‍ണയം നടത്താന്‍ ഒരു അദ്ധ്യാപകനു നല്‍കിയ ‘പ്രൊജക്ട് ഫിനാന്‍സ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട്. വിവരം പുറത്തുവിടാതെ അദ്ധ്യാപകനെ രക്ഷിക്കാനാണ് സര്‍വ്വകലാശാല ശ്രമിച്ചത്. കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കു ലഭിച്ചതോടെയാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

സംഭവം വിവാദമായതോടെ പ്രത്യേക യോഗം വിളിക്കാന്‍ വൈസ് ചാന്‍സലന്‍ നിര്‍ദ്ദേശിച്ചു. വീഴ്ച പറ്റിയ അദ്ധ്യാപകനെതിരേ നടപടി സ്വീകരിക്കുമെന്നും സര്‍വ്വകലാശാലാ അധികൃതര്‍ ഇപ്പോള്‍ പറയുന്നു