തൃത്താല പൊലീസ് സ്‌റ്റേഷൻ ഉദ്ഘാടനം : വി.ടി ബൽറാമിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം ; സിപിഎമ്മിന്‍റേത് തരംതാണ രാഷ്ട്രീയ പകപോക്കല്‍

Jaihind Webdesk
Saturday, June 26, 2021

തൃത്താല പോലീസ് സ്‌റ്റേഷൻ ഉല്‍ഘാടന പരിപാടിയിൽ നിന്നും മുന്‍എംഎല്‍എ വി.ടി. ബൽറാമിനെ മാറ്റി നിർത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു.  പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്നു തൃത്താല പോലീസ് സ്റ്റേഷന് സ്വന്തമായ ഒരു കെട്ടിടം ഉണ്ടായത്   2011ൽ വി.ടി.ബൽറാം എംഎൽഎ ആയ ശേഷമാണ്.  അദ്ദേഹത്തിൻ്റെ നിരന്തര പരിശ്രമത്തിൻ്റെ ഭാഗമായി കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം പോലീസ് വകുപ്പിന് ലഭിച്ചത്. തുടർന്ന്  2014-15ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പോലീസ് മോഡണൈസേഷൻ ഫണ്ടിൽ നിന്ന് തൃത്താലപോലീസ് സ്റ്റേഷന് കെട്ടിടത്തിന് 73.5 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചത്.

തുടർന്ന് മെച്ചപ്പെട്ട  പ്ലാൻ തയ്യാറാക്കിക്കുകയും പദ്ധതിക്കാവശ്യമായ അധികതുക എം എൽ എ ഫണ്ടിൽ നിന്ന് 28.5 ലക്ഷം അനുവദിക്കുകയും ചെയ്തു.ഇതോടെയാണ് ആകെ 1 കോടി 02 ലക്ഷം രൂപയുടെ കെട്ടിടം നിർമ്മാണമാരംഭിച്ചത്.  വിടി ബല്‍റാമിന്‍റെ അദ്ധ്യക്ഷതയിൽ മന്ത്രി എ.കെ.ബാലൻ 2017 ഒക്ടോബർ 5 ന് നിർമാണോൽഘാടനം നടത്തി. പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് എംഎല്‍എ ഫണ്ട് അനുവദിക്കുന്നത് സംസ്ഥാനത്ത് തന്നെ അപൂർവ്വമാണ്. ഇക്കാര്യം ഉല്‍ഘാടന പ്രസംഗത്തിൽ മന്ത്രി എ കെ ബാലൻ എടുത്തു പറയുകയും ചെയ്തു. എന്നാൽ മഹാപ്രളയത്തേതുടർന്ന് പഴയ കെട്ടിടത്തിൻ്റെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് ബൽറാം തന്നെ മുൻകൈ എടുത്താണ് ഔപചാരിക ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ പുതിയ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ പ്രവർത്തനം മാറ്റാൻ നിർദ്ദേശിച്ചത്.

നിർമ്മാണ പ്രവർത്തനമെല്ലാം പൂർത്തീകരിച്ചപ്പോൾ എസ്റ്റിമേറ്റിൽ നിന്നും ഏതാണ്ട് 12 ലക്ഷത്തോളം രൂപ ലാഭമുണ്ടായപ്പോൾ ആ തുക ഉപയോഗപ്പെടുത്തി കെട്ടിടത്തിന് പുതുതായി വിശാലമായ ഒരു ഹാൾ കൂടി അധികമായി പണിയാനാണ് ബല്‍റാം തീരുമാനിച്ചത്. അങ്ങനെ കെട്ടിടത്തിൻ്റെ എല്ലാ പണിയും പൂർത്തിയാക്കി മുഖ്യമന്ത്രിയെ ഉൽഘാടനത്തിനു ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഡേറ്റ് അനുവദിക്കാമെന്ന് സമ്മതിച്ചു. എന്നാൽ അപ്പോഴേക്കും തൃത്താലയിൽ സി പി എം സ്ഥലം എം എൽ എ വി.ടി. ബൽറാമിനെ ബഹിഷ്കരിക്കുന്ന ജനാധിപത്യ വിരുദ്ധമായ സമര ശൈലി സ്വീകരിച്ചിരുന്നു. പ്രാദേശിക സി പി എം മുഖ്യമന്ത്രിയിൽ ചെലുത്തിയ സ്വാധീനം മൂലം അദ്ദേഹം ഡേറ്റ് അനുവദിക്കാതെ നീട്ടി നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ആ ഉൽഘാടനമാണ് ഇപ്പോൾ നടത്തുന്നത്

നിർമ്മാണം നടക്കുന്ന വേളയിൽ ആഴ്ചയിലൊരിക്കലെങ്കിലും സ്ഥലത്ത് വന്ന് പ്രവൃത്തികൾ വിലയിരുത്തിയിരുന്ന ജനപ്രതിനിധിയായിരുന്നു വി.ടി. ബൽറാം എന്ന് അവിടത്തെ പോലീസുകാർക്കും പരിസരവാസികൾക്കും ഓർമ്മയിലുണ്ട്. വ്യാപാരികളും മറ്റും മുൻകൈ എടുത്ത് സ്റ്റേഷൻ പരിസരത്തൊരുക്കിയ ഉദ്യാനവും വിപുലീകരിക്കാൻ പ്രചോദനം നൽകിയത് അദ്ദേഹം തന്നെ. എംഎല്‍എ ഫണ്ട് ചെലവഴിച്ച് നടത്തുന്ന പ്രവൃത്തികളിൽ അതത് എഎൽഎമാരുടെ പേരെഴുതിയ സ്ഥിരം ഫലകങ്ങൾ സ്ഥാപിക്കണമെന്ന് സർക്കാർ ഉത്തരവിൽ കൃത്യമായി നിഷ്ക്കർഷിക്കുന്നുണ്ട്. അതൊന്നും പാലിക്കാതെയാണിപ്പോൾ ഉദ്ഘാടന മഹാമഹത്തിന് ഇപ്പോഴത്തെ സ്പീക്കർ എംബി രാജേഷ് തയ്യാറെടുക്കുന്നത്.

നിലവിലെ എംഎല്‍എമാരുടെ മാത്രമല്ല മുൻ നിയമസഭാ സാമാജികരുടേയും അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാളാണ് നിയമസഭയുടെ സ്പീക്കർ. “മര്യാദയുടെ രാഷ്ട്രീയം” വാഗ്ദാനം ചെയ്തു കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച എം ബി രാജേഷ് എന്ന തൃത്താലയുടെ ഇപ്പോഴത്തെ എം എൽ എ യും നിയമസഭ സ്പീക്കറുമായ വ്യക്തി മണ്ഡലത്തിൽ ആദ്യമായി നടത്തുന്ന സർക്കാർ പരിപാടി ഇങ്ങനെ യാതൊരു ജനാധിപത്യ മര്യാദയും പാലിച്ചില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. തൃത്താലയിൽ വർഷങ്ങളായി ജനകീയാവശ്യമായിരുന്ന പോലീസ് സ്റ്റേഷൻ കെട്ടിടം എന്നത് യാഥാർത്ഥ്യമാക്കിയ വിടി ബല്‍റാമിനെ ഉല്‍ഘാടനത്തിന് ഫോണിലൂടെ പോലും അന്നത്തെ ജനപ്രതിനിധിയോട് ക്ഷണിക്കാത്ത രാഷ്ട്രീയ പകപോക്കൽ നടത്തുന്ന സിപിഎമ്മിൻ്റെയും സർക്കാരിൻ്റേയും സമീപനത്തിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.