എം.ബി രാജേഷിന്‍റെ പ്രചരണ വാഹനത്തില്‍ വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍

Jaihind Webdesk
Saturday, April 6, 2019

തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വാഹനവ്യൂഹത്തില്‍ വടിവാളിന്‍റെ പ്രസക്തിയെന്ത്….

പെരിയ രാഷ്ട്രീയ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതിരോധത്തിലായിട്ടും അക്രമ രാഷ്ട്രീയം വെടിയാതെ സിപിഎം.   പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്‍റെ  പ്രചരണ വാഹനത്തിലാണ് വടിവാള്‍ കണ്ടത്. പ്രചരണ വ്യൂഹത്തിലെ ഇരുചക്രവാഹനം അപകടത്തില്‍പെട്ട് മറിഞ്ഞപ്പോള്‍ വടിവാള്‍ നിലത്ത് വീണതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അക്രമ രാഷ്ട്രീയത്തിനോടുള്ള സിപിഎമ്മിന്‍റെ നിലപാടാണ് വീഡിയോ വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ പ്രചരിക്കുകയാണ് ഈ വീഡിയോ ഇപ്പോള്‍…

കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ വാഹനപ്രചരണ റാലിയിലെ പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍ താഴെ വീണത് ജനങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വൈകീട്ടോടെ പുലാപ്പറ്റ ചെലേപാടത്തേക്ക് സ്വീകരണത്തിന് പോകുന്ന വഴിയില്‍ ഉമ്മനഴി ജംഗ്ഷനില്‍ വെച്ച് രാജേഷിന് അകമ്പടി പോയ സിപിഎം പ്രവര്‍ത്തകന്‍റെ ഇരുചക്രവാഹനം മറിഞ്ഞു വീണപ്പോഴാണ് വാഹനത്തില്‍ നിന്നും ആയുധം താഴെ വീണത്. ദൃശ്യങ്ങള്‍ നാട്ടുകാരുടെ മൊബൈല്‍ ക്യാമറകളില്‍ കിട്ടിയതോടെ സംഗതി വൈറലായി. ജനങ്ങള്‍ സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ സിപിഎമ്മുകാര്‍, റോഡില്‍ വീണു കിടന്ന ആയുധത്തെ പുറകെ വന്ന വാഹനങ്ങളാല്‍ മറയ്ക്കുകയും പെട്ടെന്ന് തന്നെ ഇതെടുത്ത് കടന്നു കളയുകയും ചെയ്തു.

സംഭവം ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. രാജേഷിന്‍റെ പ്രചാരണത്തിന് അകമ്പടി പോവുന്നത് സിപിഎം ഗുണ്ടകളാണെന്നും, നിരവധി ആളുകള്‍ ഇത്തരത്തിലുള്ള ആയുധങ്ങള്‍ കയ്യില്‍ കരുതുന്നുണ്ടെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തിരമായി ഇടപെടണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു.

വടിവാള്‍ എന്ന ഹാഷ് ടാഗോടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ വാചകങ്ങള്‍ ഇങ്ങനെ പോകുന്നു.

” കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം വേണം….
പാലക്കാട് MB Rajesh ന്‍റെ പ്രചരണം..
രക്തദാഹം തീരാത്ത കമ്മ്യൂണിസം…
#വടിവാൾ