സിപിഎമ്മില്‍ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ മാത്രം: ആരോപണങ്ങളിലുറച്ച് മാത്യു കുഴല്‍നാടന്‍; പ്രസംഗം പൂർണ്ണമായും സംപ്രേഷണം ചെയ്യാതെ സഭാ ടി.വി

Jaihind Webdesk
Monday, July 4, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ ഉള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. അതേസമയം ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസംഗം സഭാ ടി.വി പൂർണ്ണമായും സംപ്രേഷണം ചെയ്തില്ല. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോവില്ലെന്ന് മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി.

സാങ്കേതിക പ്രശ്‌നം എന്ന രീതിയിലാണ് സഭാ ടി.വി പ്രസംഗം കാണിക്കാതിരുന്നത്. ഇത് ബോധപൂർവമാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുന്ന സമയത്ത് മാത്രമാണ് സഭാ ടിവി വീണ്ടും സംപ്രേഷണം ആരംഭിച്ചത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ മുമ്പ് അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യം മാത്യു കുഴല്‍നാടന്‍ ആവര്‍ത്തിച്ചിരുന്നു. സിപിഎമ്മില്‍ നടക്കുന്നത് ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

“ആരോപണം ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിന് ഭയക്കണം? ഞങ്ങള്‍ക്ക് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല. വിരട്ടിയിരുത്താമെന്ന് ആരും കരുതണ്ട. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടില്ല” – മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംവാദത്തിന് മാത്യു കുഴല്‍ നാടന്‍ ഭരണപക്ഷത്തെ വെല്ലവിളിച്ചെങ്കിലും മറുപടി നല്‍കാന്‍ ആരും തയാറായതുമില്ല.