“അഴിമതി പറയുമ്പോള്‍ എന്തിനാണ് ഈ അഹസിഷ്ണുത”; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് റിമാന്‍റ് റിപ്പോര്‍ട്ട് സഭയില്‍ വായിച്ച് മാത്യു കുഴല്‍നാടന്‍; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

Jaihind Webdesk
Thursday, September 14, 2023

തിരുവനന്തപുരം: നിയമസഭയില്‍ സഹകരണ ഭേദഗതി ബില്ലില്‍ ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇഡിയുടെ റിമാന്റ് റിപ്പോര്‍ട്ട് സഭയില്‍ വായിച്ചതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ഭരണപക്ഷവും സ്പീക്കറും മാത്യുവിനെ പ്രകോപിക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിന് തന്നെ ഭരണപക്ഷ അംഗങ്ങള്‍ രണ്ട് ദിവസമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആവിശ്യമില്ലാതെ പ്രകോപിപ്പിച്ചാല്‍ പറയാനുള്ളത് എല്ലാം ഇവിടെ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭാഗമായപ്പോള്‍ സഭയില്‍ നിന്നും തത്സമയം നല്‍കുന്ന സഭ ടിവിയും ദൃശ്യങ്ങള്‍ നിര്‍ത്തിവെച്ചു.

റിമാന്‍റ് റിപ്പോര്‍ട്ട് സഭ രേഖകളില്‍ ഉണ്ടാകില്ലെന്നും, റിമാന്‍റ് റിപ്പോര്‍ട്ട് ശരിയാവണമെന്നില്ലെന്നും ഒരാളെ റിമാന്‍ന്‍റ് ചെയ്തതുകൊണ്ട് അയാള്‍ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കില്‍ ഞാനൊക്കെ എത്ര കേസില്‍ പ്രതിയാണെന്നും സ്പീക്കര്‍ ചോദിച്ചു. അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്തിനാണ് ഈ അഹസിഷ്ണുതയെന്ന് മാത്യു തിരിച്ചടിച്ചു. തുടര്‍ന്നും റിമാന്‍റ് റിപ്പോര്‍ട്ട് വായിച്ചതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. അതോടെ മാത്യു കുഴല്‍നാടന്‍ പ്രസംഗം  അവസാനിപ്പിക്കുകയായിരുന്നു.