തിരുവനന്തപുരം: തുമ്പ കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നു സംഭരണശാലയിൽ വൻ അഗ്നിബാധ. രക്ഷാ ദൗത്യത്തിനിടയിൽ ഫയർമാന് ദാരുണാന്ത്യം. ചാക്ക യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെ.എസ് രഞ്ജിത്താണ് മരിച്ചത്. തീ അണയ്ക്കുന്ന രക്ഷാദൗത്യത്തിനിടെ ഫയർമാന്‍റെ ശരീരത്തിലേക്ക് കെട്ടിടത്തിന്‍റെ കോൺഗ്രീറ്റ് ബീം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ അഗ്നി സുരക്ഷാ സംവിധാനങ്ങളോ കെട്ടിടത്തിൽ ഇല്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെഎംസിഎല്ലിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
കിൻഫ്രയിയെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ ശാലയിലെ രാസവസ്തുക്കൾ സൂക്ഷിക്കുന്ന മേഖലയിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിത്തം ഉണ്ടായത്. ബ്ളീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. വലിയ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീ ആളിപ്പടർന്നത്. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. ഇയാൾ വിവരമറിയിച്ചതോടെ നിരവധി ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനമാരംഭിച്ചു.
തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഫയർമാന് ദാരുണാന്ത്യംഉണ്ടായത്. രക്ഷാദൗത്യത്തിനിടെ ഫയർമാന്‍റെ ശരീരത്തിലേക്ക് കെട്ടിടത്തിന്‍റെ കോൺഗ്രീറ്റ് ബീം ഇടിഞ്ഞുവീഴുകയായിരുന്നു. ചാക്ക യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെ.എസ് രഞ്ജിത്തിനാണ് ജീവന്‍ നഷ്ടമായത്. ഏറെനേരം കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്ന 32 കാരനായ രഞ്ജിത്തിനെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ തീ പടരാതെ നിയന്ത്രിക്കുവാനായത് വലിയ ദുരന്തം ഒഴിവാക്കി. കിൻഫ്രയിൽ നിന്നും വാടകയ്ക്ക് എടുത്ത ഈ കെട്ടിടത്തിൽ പത്തുവർഷമായി മരുന്നു സംഭാരണശാല പ്രവർത്തിക്കുകയാണ്. രണ്ടുദിവസം മുമ്പ് മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ കൊല്ലത്തെ മരുന്നു സംഭരശാലയിൽ വൻ അഗ്നിബാധ ഉണ്ടായി കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കത്തി നശിച്ചിരുന്നു. കൊല്ലത്തെ കെട്ടിടത്തിനു സമാനമായ രീതിയിൽ സുരക്ഷാ മാനദണ്ഡങ്ങളോ അഗ്നി സുരക്ഷാ സംവിധാനങ്ങളോ ഇവിടെയും ഇല്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് സയൻസ് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അടിക്കടി മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണശാലകളിൽ ഉണ്ടാവുന്ന അഗ്നിബാധ ദുരൂഹത ഉയർത്തുകയാണ്.