ജയ്പൂരില്‍ വന്‍തീപിടിത്തം; അപകടം രാത്രി 9 മണിക്ക് 9 മിനിറ്റ് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം തെളിക്കുന്നതിനിടെ

Jaihind News Bureau
Monday, April 6, 2020

കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രാവർത്തികമാക്കുന്നതിനിടെ രാജസ്ഥാനിലെ ജയ്പൂരില്‍ വന്‍തീപിടിത്തം. ആഹ്വാനം ഏറ്റെടുത്ത ചിലർ പടക്കങ്ങളും മറ്റും പൊട്ടിക്കുകയും പറക്കുന്ന വിളക്കുകൾ കത്തിക്കുകയും ചെയ്തു. ഇത് ഒരു വീടിന് മുകളില്‍ വീണാണ് അപകടം ഉണ്ടായത്. തീ സമീപത്തെ കെട്ടിടത്തിലേയ്ക്കും പടരുകയായിരുന്നു.

ഞായറാഴ്ച രാത്രി ജയ്പൂരിലെ വൈശാലി നഗറിലെ ഒരു കുടിലിന് മുകളിലേയ്ക്ക് പറക്കുന്ന വിളക്ക് (Flying Lantern) വീണതിനെ തുടർന്നാണ് വൻ തീപിടുത്തമുണ്ടായത്. പ്രധാനമന്ത്രിയുടെ അഭ്യർഥനയെത്തുടർന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്ത ശേഷമായിരുന്നു സംഭവം.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കൂട്ടായ ദൃഢനിശ്ചയവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി ഒമ്പത് മിനിറ്റ് നേരം വിളക്കുകൾ അണച്ച് എണ്ണ വിളക്കുകളും മെഴുകുതിരികളും കത്തിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. നേരത്തെ, കൈകളോ പാത്രങ്ങളോ കൊട്ടി ശബ്ദം പുറപ്പെടുവിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ജനങ്ങള്‍ ശബ്ദഘോഷങ്ങളോടെ തെരുവിലിറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ വീടിന്‍റെ മട്ടുപ്പാവിലോ വാതില്‍പ്പടിക്കലോ ദീപം തെളിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. എങ്കിലും ഇക്കുറിയും പടക്കം പൊട്ടിക്കുന്നതിനും പറക്കുന്ന വിളക്കുകൾ കത്തിക്കുന്നതിനും ശ്രമിച്ചു. ഇത്തരത്തില്‍ ഒരു പറക്കും വിളക്ക് ജയ്പൂരിലെ ജനവാസ മേഖലയിലെ കുടിലിന് മുകളിലേയ്ക്ക് വീണാണ് തീപിടുത്തം ഉണ്ടായത്. ഇതിന് സമീപത്തുള്ള മറ്റൊരു വീടും സംഭവത്തിൽ കത്തിനശിച്ചു.