കണ്ണൂര്‍ കണ്ണപുരത്ത് വന്‍ സ്ഫോടനം. കണ്ണപുരം കീഴറയിലെ വാടക വീട്ടിലാണ് വന്‍ സ്ഫോടനമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകരുകയും സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച നിലയിലാണ്. ഒരാളുടെ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായും കണ്ടെത്തി. ഇയാള്‍ ഈ വീട്ടില്‍ താമസിച്ചിരുന്ന ആളാണെന്ന് സംശയിക്കുന്നു. ഈ വീട്ടില്‍ താമസിച്ചിരുന്നവരെ നാട്ടുകാര്‍ക്ക് ആര്‍ക്കും പരിചയമില്ല. രാത്രികാലങ്ങളില്‍ രണ്ട് പേര് ഇവിടെ വരാറുണ്ടെന്നും, ഇന്നലെ പകലും ഒരാള്‍ വീട്ടില്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.
പടുവിലായി സ്വദേശി അനൂപ് എന്നയാളാണ് ഈ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാള്‍ പടക്കം നിര്‍മ്മിക്കുന്ന ആളാണെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ കണ്ണപുരം പോലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന തുടരുകയാണ്. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ റോഡിലും പരിസരത്തും ചിതറിക്കിടക്കുന്നുണ്ട്.