എറണാകുളം: പെരുമ്പാവൂർ വാഴക്കുളത്ത് വൻ കഞ്ചാവ് വേട്ട. എഴുപത് കിലോ കഞ്ചാവുമായി അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വാഴക്കുളം പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. കഞ്ചാവ് പായ്ക്ക് ചെയ്ത് പ്രത്യേകം ബാഗുകളിലായാണ് സൂക്ഷിച്ചത്. പത്ത്’ ബാഗുകളാണുണ്ടായിരുന്നത്. പെരുമ്പാവൂരിലെ ഭായി കോളനിയിലേക്ക് ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് കൈമാറുന്നതിനാണ് കൊണ്ടുവന്നത്.
ഒഡീഷയിലെ റായ്ഗഡിൽ നിന്നും കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങി പതിനഞ്ചാം തീയതി തീവണ്ടി മാർഗമാണ് നഗരത്തിലെത്തിയത്. പോലീസ് പിടികൂടാതിരിക്കാൻ പല വണ്ടികൾ മാറിക്കയറി ഊടുവഴികളിലൂടെ പെരുമ്പാവൂരിലെത്താനായിരുന്നു നീക്കം. ദുര്യോധനൻ ഖുറ ദീർഘകാലം ചെമ്പറക്കിയിൽ ജോലി ചെയ്തിരുന്നതാണ്. അയാൾക്ക് വഴികളെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഇവിടെ കിലോയ്ക്ക് ഇരുപത്തി അയ്യായിരം മുതൽ മുപ്പതിനായിരം രൂപ വരെ നിരക്കിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്തുണ്ടായ വലിയ മയക്കുമരുന്ന് വേട്ടയാണിത്.