സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ബി എസ് എൻ എല്ലിൽ നിന്നും ജീവനക്കാരുടെ കൂട്ടവിരമിക്കൽ

Jaihind News Bureau
Friday, January 31, 2020

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബി എസ് എൻ എല്ലിൽ നിന്നും ഇന്ന് ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 78,559 ജീവനക്കാരാണ് സ്വയം വിരമിച്ച് പുറത്ത് പോകുന്നത്. ഒരു മാസത്തെ ശമ്പള കുടിശ്ശിക നൽകിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കൂട്ടവിരമിക്കലിനാണ് ഇന്ന് ബി.എസ്.എൻ.എൽ സാക്ഷിയാവുന്നത്. 78,559 ജീവനക്കാരാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ കമ്പനിയിൽനിന്ന് പടിയിറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിർദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ നടപ്പാവുന്നത്.

ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ. എല്ലാ ജീവനക്കാർക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടില്ല. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവും വലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിലയിരുത്തൽ.