സെക്രട്ടേറിയറ്റിൽ കൂട്ടസ്ഥലമാറ്റം ; സ്വപ്നയുടെ ഐ ഫോണ്‍ ലഭിച്ച അസി. പ്രോട്ടോക്കോൾ ഓഫീസർക്ക് ‘സ്ഥാനക്കയറ്റം’

Jaihind Webdesk
Tuesday, June 29, 2021

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ കൂട്ടസ്ഥലമാറ്റം. സ്വർണ്ണക്കടത്ത് കേസിൽ ആരോപണം നേരിട്ട അസിസ്റ്റന്‍റ്  പ്രോട്ടോക്കോൾ ഓഫീസർക്ക്  ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയും പ്രൊമോഷൻ നൽകിയും സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണിയാണ് ഇടത് സർക്കാർ നടത്തുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് സമ്മാനമായി നല്‍കിയ ഐഫോൺ പാരിതോഷികമായി വാങ്ങിയെന്ന് ആരോപണം നേരിടുന്ന പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫിസറായിരുന്ന എ.പി.രാജീവനെ ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പരിഷ്കാരകമ്മിറ്റിയുടെ കണ്‍വീനറായ സന്തോഷ് കുമാറിനെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് മാറ്റി. അനര്‍ട് ജനറല്‍ മാനേജറയാണ് സ്ഥലംമാറ്റം. നേരത്തെ സിപിഎമ്മിലെ ഒരുവിഭാഗം ഈ കമ്മിറ്റിയുടെ പരിഷ്കരണ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സന്തോഷ് കുമാറിനെ സ്ഥലം മാറ്റുന്നത്. 105 ഉന്നത ഉദ്യോഗസ്ഥരെയാണ് മറ്റ് ജില്ലകളിലേക്കും സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലേക്കും മാറ്റിയത്. 15 അഡീഷണൽ സെക്രട്ടറിമാർക്ക് പ്രൊമോഷൻ നൽകിയപ്പോൾ ഏഴ് പേരെ സ്ഥലം മാറ്റി. 21 ജോയിന്‍റ് സെക്രട്ടറിമാർക്ക് പ്രൊമോഷൻ നൽകിയപ്പോൾ മൂന്ന് പേരെ സ്ഥലം മാറ്റി.

കോൺഗ്രസ് സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്‍റെ മുൻ ജനറൽ സെക്രട്ടറിയേയും മുൻ പ്രസിഡന്റിനെയും കോഴിക്കോട്ടേക്കും എറണാകുളത്തേക്കും സ്ഥലം മാറ്റി. ആകെ 70 പേർക്കാണ് പ്രൊമോഷൻ നൽകിയത്. മേയ് 30ന് 80 പേർ വിരമിച്ച ഒഴിവിലാണ് പുതിയ സ്ഥാനക്കയറ്റം. പുതിയ സർക്കാർ ചുമതലയേൽക്കുമ്പോൾ ഉള്ള സ്ഥാനകയറ്റങ്ങളും സ്ഥലം മാറ്റങ്ങളും പതിവാണെങ്കിലും ഇത്രയധികം പേരെ ഒന്നിച്ച് മാറ്റുന്നത് ഇതാദ്യമാണ്.