അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം ; വിമാനത്താവളം നിറഞ്ഞ് ജനക്കൂട്ടം; നിറയൊഴിച്ച് യു.എസ് സൈന്യം

Jaihind Webdesk
Monday, August 16, 2021

 

കാബൂള്‍ : താലിബാന്‍ ഭരണം പിടിച്ചെടുത്ത  അഫ്ഗാനിസ്ഥാനില്‍ നിന്ന് ജനം കൂട്ട പലായനം തുടരുന്നു.  ജനം കൂട്ടമായി വിമാനത്താവളത്തിലെത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി. തുടർന്ന് യു.എസ് സൈന്യത്തിന് ആകാശത്തേക്ക് നിറയൊഴിക്കേണ്ട സാഹചര്യമുണ്ടായി. തിരക്ക് നിയന്ത്രണാതീതമായതോടെ കാബൂളില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചു. നിലവില്‍ വിമാനത്താവളം അമേരിക്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.

താലിബാന്‍ കാബൂളും കീഴടക്കിയതോടെ പ്രസിഡന്‍റ് അഷ്റഫ് ഘാനി രാജ്യം വിട്ടിരുന്നു. കാബൂള്‍ എംബസിയിലെ എല്ലാവരെയും അമേരിക്ക ഒഴിപ്പിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് ഘാനി പിന്നീട് അറിയിച്ചു. നിലവില്‍ കാബൂള്‍ നഗരവും പ്രസിഡന്‍റിന്‍റെ കൊട്ടാരവും താലിബാന്‍ നിയന്ത്രണത്തിലാണ്. കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാൻ പതാക നീക്കി താലിബാന്‍റെ കൊടി നാട്ടി. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ ഉടൻ പ്രഖ്യാപിക്കും. ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായി പ്രസ് സെക്രട്ടറി അറിയിച്ചു. അക്കൗണ്ടിന്‍റെ നിയന്ത്രണം നഷ്ടമായെന്നും പ്രസ് സെക്രട്ടറി അറിയിച്ചു. താലിബാൻ മേധാവി മുല്ല അബ്ദുൽ ഘാനി ബറാദർ പുതിയ പ്രസിഡന്‍റാകുമെന്നാണു സൂചന. ദോഹയിൽ പുരോഗമിക്കുന്ന ചർച്ചയ്ക്കുശേഷമാകും പുതിയ സർക്കാർ പ്രഖ്യാപനം. താലിബാൻ മേധാവി മുല്ല അബ്ദുൽ ഘാനി ബറാദർ പുതിയ പ്രസിഡന്‍റാകുമെന്നാണ് സൂചന.

 

 

ഘാനി തജിക്കിസ്ഥാനിലേക്കു പോയതായാണു സൂചന. കിഴക്കൻ നഗരമായ ജലാലാബാദും താലിബാൻ പിടിച്ചെടുത്തതോടെയാണ് ഗനി സർക്കാരിന്‍റെ പതനം ഉറപ്പായത്. തുടർന്ന് സെൻട്രൽ ബാമിയാൻ പ്രവിശ്യയും ബഗ്രാമിലെ മുൻ യുഎസ് വ്യോമതാവളവും താലിബാൻ പിടിച്ചു. കാബൂൾ നഗരകവാടത്തിലെത്തിയ താലിബാൻ, ബലപ്രയോഗം നടത്തുന്നില്ലെന്നും നിരുപാധികം കീഴടങ്ങണമെന്നും സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും മാനിക്കുമെന്ന് താലിബാൻ വക്താവ് പറഞ്ഞു. തീവ്ര നിലപാടുകളിൽ അയവുണ്ടാകുമെന്ന സൂചന താലിബാൻ വക്താവ് നൽകിയെങ്കിലും യുഎസും ബ്രിട്ടനും മറ്റു പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരന്മാരെയും അതിവേഗം ഒഴിപ്പിക്കുകയാണ്.

താലിബാന്‍ അധികാരം പൂര്‍ണമായും പിടിച്ചതോടെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് bവിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് രണ്ട് വിമാനങ്ങള്‍ തയാറാക്കി. എയര്‍ഇന്ത്യ വിമാനം ഇന്നുച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. അടിയന്തരസാഹചര്യം വന്നാല്‍ കബൂളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ നാട്ടിലേക്കെത്തിക്കുന്നതിന് വ്യോമസേനയുടെ പ്രത്യേക യാത്രാവിമാനം സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 129 യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തിയിരുന്നു.

യുഎസ് സഖ്യസേനയുടെ പിന്മാറ്റം പൂർത്തിയാകാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് 10 ദിവസം നീണ്ട പടനീക്കത്തിനൊടുവിൽ താലിബാൻ രാജ്യ തലസ്ഥാനത്തെത്തിയത്. 1996ൽ അഫ്ഗാനിൽ അധികാരം പിടിച്ച താലിബാനെ 2001 ലാണ് യുഎസ് സഖ്യസേന പുറത്താക്കിയത്. 20 വർഷത്തിനുശേഷം യുഎസ് സേന പിന്മാറുമ്പോൾ കാബൂളിലേക്ക് ഇരട്ടി ശക്തിയോടെയാണ് താലിബാന്‍റെ മടങ്ങിവരവ്.