മാസപ്പടിയില്‍ പ്രതിരോധത്തിലായി സിപിഎം; ഇഡി അന്വേഷണം നേർവഴിക്കായാല്‍ മുഖ്യമന്ത്രിക്കും പാർട്ടിക്കും കനത്ത തിരിച്ചടിയാകും

Jaihind Webdesk
Thursday, March 28, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇഡി അന്വേഷണം ആരംഭിച്ചതോടെ സിപിഎം നേതൃത്വം കൂടുതൽ പ്രതിരോധത്തിലായി. ഇഡിയുടെ അന്വേഷണം നേർവഴിക്കെങ്കിൽ മുഖ്യമന്ത്രി വിയർത്തൊലിക്കും. രേഖകൾ ആവശ്യപ്പെട്ട് കേസന്വേഷണം വേഗത്തിലാക്കിയത് പാർട്ടി നേതൃത്വത്തിന് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകും.

മാസപ്പടി കേസിൽ ഇസിഐആർ റജിസ്റ്റർ ചെയ്ത് ഇഡി അന്വേഷണം ആരംഭിച്ചു ആരംഭിച്ചിട്ടുണ്ട്. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ എക്സാലോജിക് അടക്കം ഇഡി അന്വേഷണത്തിന്‍റെ പരിധിയിൽ വരും.

എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നോട്ടീസ് അയച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. വീണാ വിജയന്‍റെ എക്സാലോജിക് കമ്പനി, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവർക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടും ഇഡി പരിശോധിക്കും.

അതേസമയം മാസപ്പടിയിലെ ഇഡി അന്വേഷണം ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കരുവന്നൂരിലെയും മറ്റു സംസ്ഥാനങ്ങളില്‍ കാട്ടുന്ന ആവേശമൊന്നും കേരളത്തില്‍ എത്തുമ്പോള്‍ ഇഡിക്കില്ല. സ്വര്‍ണ്ണക്കള്ളക്കടത്തിലെയും കരുവന്നൂരിലെയും ലൈഫ് മിഷനിലെയുമെല്ലാം ഇഡി അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രസക്തമായ ചോദ്യം ഉയർത്തുന്നത്.