മാസപ്പടി കേസ് നിയമപരമായി നേരിടും; പാര്‍ട്ടിയുടെ അനുമതിയോടെയാണ് മാത്യു കുഴല്‍നാടന്‍ ഹെെക്കോടതിയെ സമീപിച്ചത്: വി.ഡി. സതീശന്‍

 

ചാലക്കുടി: മാസപ്പടി കേസില്‍ നിയമപോരാട്ടവുമായി മുന്നോട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേസില്‍ കാമ്പുണ്ടെന്നും പാര്‍ട്ടിയുടെ അനുമതിയോടെയാണ് മാത്യു കുഴല്‍നാടന്‍റെ ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസ് വിജിലന്‍സ് തള്ളിയത് തെറ്റാണെന്ന് പറഞ്ഞ് കൊണ്ടാണ് മാത്യു കുഴല്‍നാടന്‍ പാര്‍ട്ടിയുടെ അനുമതിയോട് കൂടി ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായി മാസപ്പടി കേസ് നേരിടുമെന്നും വി.ഡി. സതീശന്‍ ചാലക്കുടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ജനങ്ങളെ മറന്ന് പോയ സര്‍ക്കാരാണിതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സര്‍ക്കാരിനോടുള്ള അതിശക്തമായ പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ ഫലിച്ചിട്ടുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ വരെ സിപിഎം ഒഴുകി പോയി. വടകരയില്‍ സംഘപരിവാറിനെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയ പ്രചാരണമാണ്  സിപിഎം നടത്തിയത്. എന്നിട്ട് അത് കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു.  ഇപ്പോള്‍ കാഫിര്‍ എന്നുള്ള കള്ള പ്രചാരണം നടത്തിയത് ആരാണെന്ന് മനസിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി സിപിഎം എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവരാണെന്ന് കേരളത്തിലെ ജനങ്ങള്‍ അറിയണമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

Comments (0)
Add Comment