അപകീര്‍ത്തി കേസില്‍ അറസ്റ്റിലായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് കഴിഞ്ഞ രാത്രി ഷാജന്‍ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
പിണറായി വിജയനും ഡിജിപിക്കും തന്നോടുള്ള വിരോധമാണ് ഇത്തരത്തിലുള്ള അറസ്റ്റിന് പിന്നിലെന്ന് ഷാജന്‍ സ്‌കറിയ ആരോപിച്ചു. പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം ആഹാരം കഴിച്ചു കൊണ്ടിരുന്ന തന്നെ കാരണമെന്തെന്ന് പറയാതെ വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ഷാജന്‍ പറഞ്ഞു.