കണ്ണൂര്‍ മലപ്പട്ടത്തെ സിപിഎംന്റെ ഗാന്ധി നിന്ദയ്ക്ക് എതിരെ കോണ്‍ഗ്രസ് ഉപവാസ സമരം നടത്തുമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് വ്യക്തമാക്കി. ഈ മാസം 21 ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റും ഉപവാസമിരിക്കും. മലപ്പട്ടത്ത് മറ്റു പാര്‍ട്ടികള്‍ക്കും സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നും പിണറായിയുടെ ബോര്‍ഡ് തകര്‍ത്താല്‍ ഗാന്ധിജിയുടെ സ്തൂപമാണൊ പകരം തകര്‍ക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പട്ടം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി പുറത്ത് കൊണ്ടുവന്നത് കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നയിച്ച പദയാത്രയ്ക്ക് നേരെയാണ് സിപിഎം അക്രമം നടത്തിയത്. അക്രമം ആസൂത്രിതമെന്നുള്ള സൂചനയാണ് വരുന്നത്. അക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥും ശ്രീകണ്ഠാപുരം എരിയ സെക്രട്ടറി എം സി.രാഘവനും മലപ്പട്ടത്ത് എത്തിയത് അക്രമത്തിന് പ്രവര്‍ത്തകരെ സന്നദ്ധരാക്കാനെന്നും വിമര്‍ശനമുയരുന്നുണ്ട്.