തൃശൂരിൽ അഞ്ച് കോടി രൂപയോളം വിപണി വിലയുള്ള കഞ്ചാവ് പിടികൂടി ; മൂന്ന് പേർ കസ്റ്റഡിയില്‍

Jaihind Webdesk
Monday, January 31, 2022

തൃശൂരിൽ വൻ കഞ്ചാവ് വേട്ട. കൊടകര ദേശീയ പാതയിൽ നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. അഞ്ച് കോടി രൂപയോളം വിപണി വിലയുള്ള കഞ്ചാവാണ് പിടികൂടിയത്.

കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘മിഷൻ ഡാഡ്’ ഓപറേഷന്‍റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലായിരുന്നു കഞ്ചാവ് വേട്ട. ചാലക്കുടി ഡിവൈഎസ്പി  സി ആർ സന്തോഷും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. കേരളാ പൊലീസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. 450 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. അഞ്ച് കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്.

ചരക്ക് ലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു  കഞ്ചാവ്.  KL 72 8224 നമ്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
കൊടുങ്ങല്ലൂർ ചന്തപുര സ്വദേശി ലുലു, തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി ഷാഹിൻ , മലപ്പുറം പൊന്നാനി സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. മൂന്ന് വർഷം മുൻപ് പച്ചക്കറി വ്യാപാരിയിൽ നിന്ന് പണം കവർന്ന കേസിലെ പ്രതിയാണ് ഷാഹിൻ .