പൊടിയടങ്ങാതെ മരട് : വെള്ളം തളിച്ച് പൊടി ശമിപ്പിക്കാന്‍ ശ്രമം; അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി

Jaihind News Bureau
Wednesday, January 15, 2020

മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഫ്ലാറ്റുകൾ പൊളിച്ച പ്രദേശങ്ങളിൽ രൂക്ഷമായ പൊടിശല്യം ശമിപ്പിക്കാനായി മരട് നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ വെള്ളം തളിച്ചുതുടങ്ങി. നഗരസഭയുടെ നേതൃത്വത്തിൽ ആൽഫാ സെറീൻ ഫ്ലാറ്റിന്‍റെ സമീപവാസികൾക്കായി കഴിഞ്ഞ ദിവസം മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

ആദ്യം പൊളിച്ച ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ആൽഫാ സെറീൻ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചത്. പ്രദേശത്ത് ജില്ലാ ജില്ലാഭരണകൂടം വാഗ്ദാനം ചെയ്ത രീതിയിൽ പൊടിപടലങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് മരട് നഗരസഭയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് വെള്ളം തെളിച്ച് പൊടിശല്യം ശമിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഉള്ള സ്ഥലത്തെ പൊടിശല്യം ശമിപ്പിച്ചതിനു ശേഷം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ മാത്രമേ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയുള്ളൂ എന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള കരാറെടുത്ത പ്രോംപ്റ്റ് കമ്പനി പ്രതിനിധികൾ അറിയിച്ചു.

കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുക പ്രോംപ്റ്റ് കമ്പനിയാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊളിച്ച് നിന്ന് ഇരുമ്പ് മുഴുവൻ പുറത്തെടുത്ത് നീക്കം ചെയ്യുന്ന ചുമതല വിജയ് സ്റ്റീൽസിനുമാണ് നൽകിയിരിക്കുന്നത്. ഹിറ്റാച്ചി വെച്ച് കോൺക്രീറ്റ് സ്ലാബുകൾ തകർക്കുന്ന പ്രക്രിയ എച്ച് ടു ഒയിലടക്കം വിജയ് സ്റ്റീൽസ് ആരംഭിച്ചു. നാല്‍പത്തഞ്ച് ദിവസം കൊണ്ടേ ഈ അവശിഷ്ടങ്ങൾ മാറ്റാൻ സാധിക്കൂ എന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേ സമയം പൊടിശല്യം രൂക്ഷമായ സാഹചര്യത്തിൽ മരട് നഗരസഭയുടെ നേതൃത്വത്തിൽ ആൽഫാ സെറീന്‍റെ സമീപവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആവശ്യമെങ്കിൽ ഫ്ലാറ്റുകൾ പൊളിച്ച മറ്റ് സ്ഥലങ്ങളിലെ പ്രദേശവാസികൾക്കും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു.