പൊളിച്ചു ! മരട് ദൗത്യം… കൃത്യതയ്ക്ക് സാക്ഷിയായി പോറലേല്‍ക്കാതെ അങ്കണവാടി കെട്ടിടം

Jaihind Webdesk
Sunday, January 12, 2020

കൊച്ചി : തലയുയർത്തി നിന്ന ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് പൊളിക്കുമ്പോള്‍ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് സമീപത്തെ അങ്കണവാടി കെട്ടിടത്തിലേക്കായിരുന്നു. ഫ്ലാറ്റില്‍ നിന്ന് കഷ്ടിച്ച് മൂന്ന് മീറ്റര്‍ അകലത്തിലായിരുന്നു ഈ കുഞ്ഞു കെട്ടിടത്തിന്‍റെ നില്‍പ്. എഡിഫൈസ് എന്ന കമ്പനിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയതും നാലാമത്തേതും അവസാനത്തേതുമായ ഈ ദൌത്യമായിരുന്നു. അങ്കണവാടിക്ക് പോറല്‍ പോലും ഏല്‍ക്കാതെ ഗോള്‍ഡന്‍ കായലോരം പൊളിക്കുക എന്ന ദൗത്യം പക്ഷെ എഡിഫൈസ് ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു.

എഡിഫൈസ് എന്ന കമ്പനിയുടെ എന്‍ജിനീയറിംഗ് വൈദഗ്ധ്യം വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ രണ്ട് ദൗത്യങ്ങളും. ഇതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ഇന്ന് അവസാനമായി തകർത്ത ഗോള്‍ഡന്‍ കായലോരം എന്ന ഫ്ളാറ്റ്. നാല് ഫ്ലാറ്റുകളില്‍ വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൌത്യമായിരുന്നു ഇവിടുത്തേത്. സമീപത്തെ അങ്കണവാടി കെട്ടിടവും തൊട്ടടുത്തുള്ള ബഹുനില കെട്ടിടവും വീടുകളും ദൗത്യം സങ്കീർണമാക്കി. ഫ്ലാറ്റിന് ചുറ്റുമുള്ള വിസ്തൃതി കുറവായിരുന്നതും വെല്ലുവിളിയായി.

കെട്ടിടം പൂർണ സുരക്ഷിതമാക്കാന്‍ എല്ലാ മുന്‍കരുതലും കമ്പനി സ്വീകരിച്ചു. ഫ്ലാറ്റ് തകരുമ്പോള്‍ ഉണ്ടാകുന്ന പൊടിപടലങ്ങളില്‍ നിന്ന് അങ്കണവാടി കെട്ടിടത്തെ  സംരക്ഷിക്കാന്‍ വലിയ തുണി കൊണ്ട് മറയ്ക്കുക വരെ ചെയ്തു. രണ്ട് വലിയ ക്രെയിനുകള്‍ ഉപയോഗിച്ചായിരുന്നു അങ്കണവാടി കെട്ടിടത്തെ പൊതിഞ്ഞുപിടിച്ചത്. തകർന്നടിയാന്‍ പോകുന്ന ഫ്ലാറ്റിന് തൊട്ടടുത്തായി രണ്ട് ക്രെയിനുകള്‍… കമ്പനിയുടെ ആത്മവിശ്വാസം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന നടപടി കൂടിയായി ഇത്. പിന്നീട് ഉത്കണ്ഠയുടെ നിമിഷങ്ങള്‍…

അവസാനനിമിഷ സുരക്ഷാ പരിശോധനകൾ നീണ്ടതിനെ തുടർന്ന് അരമണിക്കൂറോളം വൈകിയാണ് ഫ്ലാറ്റ് പൊളിച്ചത്. ഉച്ചയ്ക്ക് 1.30 ന് മുഴങ്ങേണ്ടിയിരുന്ന ആദ്യ സൈറൺ മുഴങ്ങിയത് 26 മിനിറ്റ് വൈകി 1.56 നായിരുന്നു. രണ്ടാമത്തെ സൈറൺ 2.19നും. മൂന്നാമത്തെ സൈറൺ 2.30യ്ക്ക് മുഴങ്ങിയതിനു പിന്നാലെ ആറ് സെക്കൻഡുകൾക്കുള്ളിൽ ഗോൾഡൻ കായലോരം നിലംപൊത്തി. ഏവരും ഉറ്റുനോക്കിയത് ചേർന്നുനില്‍ക്കുന്ന അങ്കണവാടി കെട്ടിടത്തിന് എന്ത് സംഭവിക്കുമെന്നതായിരുന്നു. എന്നാല്‍ പൊടിപടലം അടങ്ങിയപ്പോള്‍ കാണാനായത് ഒരു പോറല്‍ പൊലും ഏല്‍ക്കാതെ തല ഉയർത്തി നില്‍ക്കുന്ന അങ്കണവാടി കെട്ടിടം ! ചുറ്റുമതിലിന് അല്‍പം കേടുപാട് സംഭവിച്ചതൊഴിച്ചാല്‍ കമ്പനിയുടെ കണക്കുകൂട്ടല്‍ അണുവിട തെറ്റിയില്ല. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ കായലിലും വീണില്ല. പൊളിക്കല്‍ കമ്പനിയുടെ പ്രകടനത്തിന് കാണികളുടെ കയ്യടി…

ഇതോടെ തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് പണിതുയർത്തിയ നാല് ഫ്ലാറ്റുകളും വിജയകരമായി തകർത്തു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഇന്നലെയും ഇന്നുമായാണ് ഫ്ലാറ്റുകള്‍ തകർത്തത്. സുപ്രീം കോടതി വിധിയെ തുടർന്നാണ് നിയമലംഘനത്തിലൂടെ കെട്ടിപ്പൊക്കിയ ഫ്ലാറ്റുകള്‍ പൊളിച്ചത്.

സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ ബഹുനിലക്കെട്ടിടം തകര്‍ക്കുന്നത്. അതിനാല്‍ തന്നെ ഏറെ ആകാംക്ഷയോടെയാണ് സംസ്ഥാനം ഇതിന് സാക്ഷ്യം വഹിച്ചത്. പൊളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ നിരവധി ആശങ്കകളും ഉയർന്നിരുന്നു. സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ ബലക്ഷയമോ സംഭവിക്കുമോ എന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ ഇതെല്ലാം അസ്ഥാനത്തായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതായി പൊളിക്കല്‍ കമ്പനിയുടെ പ്രകടനം. ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കോ വീടുകള്‍ക്കോ യാതൊരു കേടുപാടുകളും ഉണ്ടായിട്ടില്ല. ഇന്നലെ എച്ച് ടു ഒ ഹോളി ഫെയ്ത്തും ആല്‍ഫ സെറീന്‍ ഇരട്ടക്കെട്ടിടങ്ങളുമായിരുന്നു സ്ഫോടനത്തിലൂടെ തകർത്തത്. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകളാണ് ഇന്ന് തകർത്തത്.