മരട് ഫ്ലാറ്റ് പൊളിക്കല്‍ : സമയക്രമത്തില്‍ മാറ്റമില്ല ; പൊളിക്കുന്നത് കാണാന്‍ ജനങ്ങള്‍ക്ക് അവസരം

Jaihind News Bureau
Saturday, January 4, 2020

Marad-Flats

മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിന് അന്തിമരൂപമായി. മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫ്ലാറ്റുകൾ പൊളിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ധാരണ. സ്ഫോടനത്തിന് മുമ്പ് നിരോധനാജ്ഞയും ഗതാഗത നിയന്ത്രണവും ഉണ്ടാവും. അതേസമയം ജനവാസ മേഖലയിലെ ഫ്ലാറ്റുകൾ പൊളിക്കില്ലെന്ന് ഉറപ്പ് നൽകിയ സർക്കാർ വഞ്ചിച്ചെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.

മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫ്ലാറ്റുകൾ പൊളിക്കാനാണ് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. എന്നാൽ സമീപവാസികൾക്ക് മന്ത്രിതല യോഗത്തിൽ കൊടുത്ത ഉറപ്പ് പൂർണമായും തള്ളിക്കൊണ്ടാണ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ തീരുമാനമായത്.

ഫ്ലാറ്റുകൾ പൊളിക്കുന്ന ദിവസങ്ങളിൽ പൊളിക്കുന്ന ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ രാവിലെ 9.00 മണിക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കും. ദേശീയ പാതയിലുൾപ്പെടെ ഗതാഗ നിയന്ത്രണവും ഉണ്ടാകും. സുരക്ഷാ മുൻകരുതൽ ഉറപ്പാക്കാൻ പത്താം തീയതി മോക് ഡ്രിൽ സംഘടിപ്പിക്കും . പതിനൊന്നാം തീയതി രാവിലെ പതിനൊന്ന് മണിയോടെ ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റും തുടർന്ന് ആൽഫ ഫ്ലാറ്റിന്‍റെ 2 ടവറുകളും പൊളിച്ചു നീക്കും.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് പൊളിക്കൽ ദിവസങ്ങളിലെ ക്രമീകരണങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ചുരുങ്ങിയത് 2,000 പേരെയെങ്കിലും പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫ്ലാറ്റുകൾ പൊളിക്കുന്നത് കാണാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.