ക്രിസ്ത്യാനിയായതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു; ബി.ജെ.പിയ്ക്ക് പരസ്യ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി

Jaihind News Bureau
Friday, April 18, 2025

ദുഃഖവെള്ളി ദിനത്തിലും വിശ്വാസികളുടെ ആശങ്കകള്‍ പുറത്തു പറഞ്ഞ് തലശ്ശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഭരണഘടനയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ ഉറപ്പാണ് മതേതരത്വം. എന്നിട്ടും ഇത് പലപ്പോഴും നിഷേധിക്കപ്പെടുകയാണെന്ന് ബിഷപ്് പറഞ്ഞു. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം വിശ്വാസിള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നും പാംപ്ലാനി ആരോപിച്ചു. കണ്ണൂരില്‍ കുരിശിന്റെ വഴി സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്രയോ മിഷണറിമാരെയും വിശ്വാസികളെയും ക്രിസ്ത്യാനിയായതിന്റെ പേരില്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയ ഉപദ്രവം ഇപ്പോഴും തുടരുന്നു. ജബല്‍പൂരിലും മണിപ്പൂരിലും അത് ആവര്‍ത്തിക്കപ്പെടുന്നതായും ബിഷപ് പറഞ്ഞു. ദുഃഖവെള്ളിയില്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയത് പോലുള്ള പ്രദക്ഷിണങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നടത്താന്‍ സാധിക്കാത്തതും അതിന് അനുവദിക്കാത്തതുമായ നഗരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചുവെന്ന പേരില്‍ നിരവധി പേര്‍ക്ക് അത് നിഷേധിക്കപ്പെടുന്നുവെന്നും അവരുടെ കണ്ണീര്‍ കാണേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ഭരണഘടന ഉറപ്പ് തന്നിട്ടും അതിന് സാധിക്കാത്ത അവസ്ഥയാണിന്നെന്നും അദ്ദേഹം പറഞ്ഞു.