വത്തിക്കാൻ: ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് അഭിമാന നിമിഷം. ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്ര നിമിഷവും അഭിമാനമുഹൂര്‍ത്തവുമായി. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് അദ്ദേഹം.
സിറോ മലബാര്‍ പാരമ്പര്യത്തിലുള്ള സ്ഥാനിക ചിഹ്നങ്ങള്‍ മാര്‍പാപ്പ അണിയിച്ചു. മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായി മാര്‍ കൂവക്കാടിന് കറുപ്പും ചുവപ്പും നിറമുള്ള തലപ്പാവ്. സഭയ്ക്കായി രക്ഷസാക്ഷിത്വം വഹിക്കാനും തയാറാണെന്നതിന്റെ സൂചനയായിട്ടാണ് ചുവപ്പ് കുപ്പായം ധരിക്കുന്നത്. വലതുകൈയില്‍ സ്ഥാനമോതിരവും കര്‍ദിനാള്‍ത്തൊപ്പിയും അണിയിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്ക സമൂഹത്തിനും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അത് അവിസ്മരണീയ നിമിഷമായി. കര്‍ദിനാള്‍ തിരുസംഘത്തില്‍ ഒരേസമയം മൂന്ന് മലയാളികള്‍ വരുന്നത് ഇതാദ്യമാണ്.
ലോകത്തോടൊപ്പം നടക്കാനും കണ്ണീരൊപ്പാനും കര്‍ദിനാള്‍മാരോട് മാര്‍പാപ്പയുടെ ആഹ്വാനം. ദൈവസങ്കല്‍പം ഹൃദയത്തില്‍ ഉറപ്പിക്കുക. പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന വഴിയാണ് നമ്മുടെ മുന്നിലുള്ളത്. അകത്ത് ഒളിക്കുന്നവരാകരുത്, ലോകത്തോടൊപ്പം നടക്കുക, അവരുടെ കണ്ണീരൊപ്പുക. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. അധികാരം ആധിപത്യം പുലര്‍ത്താനാകരുത്, പരസ്പരം ശുശ്രൂഷകരാകണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
മാര്‍ ജോര്‍ജ് കൂവക്കാട് അടക്കം 21പേരാണ് കത്തോലിക്കാസഭയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയായ, സഭയുടെ രാജകുമാരന്‍മാരെന്ന പേരിലറിയപ്പെടുന്ന കര്‍ദിനാള്‍ പദവിയിലേക്ക് അവരോധിതരാകുന്നത്. സ്ഥാനാരോഹണം ചെയ്യപ്പെടുന്ന 21 കര്‍ദിനാള്‍മാരില്‍ 20പേരും 80വയസിന് താഴെയുള്ളായതിനാല്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കേണ്ട സാഹചര്യത്തില്‍ ഇവര്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കാനാകും.
നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ അമലോല്‍ഭവ മാതാവിന്റെ തിരുന്നാള്‍ കുര്‍ബാനയില്‍ മാര്‍പാപ്പയ്ക്കൊപ്പം പുതിയ കര്‍ദിനാള്‍മാരും സഹകാര്‍മികരാകും.