കോഴിക്കോട് മുത്തപ്പൻ പുഴയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ സംഘത്തില്‍ 2 സ്ത്രീകളുള്‍പ്പെടെ 7 പേര്‍

Jaihind News Bureau
Thursday, December 19, 2019

കോഴിക്കോട് മുത്തപ്പൻ പുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തി. ഇന്നു രാവിലെ ആറു മണിയോടെയാണ് 7 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം മുത്തപ്പൻപുഴ അങ്ങാടിയിൽ എത്തിയത്.

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മുത്തപ്പൻ പുഴയിൽ മാവോയിസ്റ്റ് സംഘം എത്തുന്നത്. 7 പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ
വീണ്ടും സ്ഥലത്തെത്തിയത്. സംഘത്തിൽ 5 പുരുഷന്മാരും, 2 സ്ത്രീകളും ഉൾപ്പെടുന്നു. ഇവർ പരസ്യമായി മുത്തപ്പൻപുഴ അങ്ങാടിയിൽ ഇറങ്ങി ആളുകളോട് സംസാരിച്ചു. അശോകൻ എന്നയാളുടെ കടയിൽനിന്നും ചായ കുടിച്ചാണ് സംഘം മടങ്ങിയത്.

സംഘത്തിലെ രണ്ടുപേർ പുഴയിൽ കാത്തുനിൽക്കുകയായിരുന്നു. കർഷകർക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് സംഘം മടങ്ങിയത്. സാധാരണ സ്ഥിരം മാവോയിസ്റ്റ്‌ പോസ്റ്ററിൽ നിന്നും വ്യത്യസ്തമായിരുന്നു ഇന്നത്തെ പോസ്റ്ററുകൾ. വെള്ളവും, കാടും. ഭൂമിയും മനുഷ്യരുടെതാണെന്നും, കൃഷിഭൂമിയിൽ ജണ്ട കെട്ടി കർഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടിൽ നിന്നും അടിച്ചോടിക്കണമെന്നും പോസ്റ്റിറ്റിൽ പറയുന്നു. നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ. മുത്തപ്പൻപുഴയിൽ നടക്കുന്ന കർഷക സമരത്തിന് പോസ്റ്ററിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മടങ്ങുന്ന സമയത്ത് നിരവധി വീടുകളിലും മാവോയിസ്റ്റ്സംഘം പോയി. തിരുവമ്പാടി, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ തുടങ്ങിയ ഭാഗങ്ങളിൽ നിരവധി തവണകളായി മാവോയിസ്റ്റ്സംഘം എത്തിയതോടെ, അത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

https://www.youtube.com/watch?v=Pl0KstyEQOI